| Sunday, 22nd August 2021, 10:30 am

കാബൂള്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം; പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ജര്‍മനിയും അമേരിക്കയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിലെ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ജര്‍മനിയും അമേരിക്കയും. അഫ്ഗാനില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്കാണ് ഇരുരാജ്യങ്ങളുടെയും എംബസികള്‍ മുന്നറിയിപ്പ് നല്‍കിയത്.

ഹമിദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ആയിരക്കണക്കിന് അഫ്ഗാനികള്‍ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതിനായി വിമാനത്താവളത്തില്‍ കൂട്ടം കൂടുന്ന സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അമേരിക്കയുടെയും ജര്‍മനിയുടെയും സുരക്ഷാ മുന്നറിയിപ്പ്.

”അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ ഭാഗത്ത് നിന്നും പ്രത്യേകം നിര്‍ദേശം ലഭിക്കാത്ത പക്ഷം പൗരന്മാരാരും തന്നെ വിമാനത്താവളത്തിലേക്ക് യാത്ര നടത്തരുത്,” യു.എസ് എംബസി പ്രതിനിധി ശനിയാഴ്ച അറിയിച്ചു.

ജര്‍മനിയും ഇമെയില്‍ വഴി തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിന് ചുറ്റും താലിബാന്‍ നിയന്ത്രണം ശക്തിപ്പെടും എന്ന വിവരത്തെ മുന്‍നിര്‍ത്തിയാണിത്. കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലാന്‍ഡും സുരക്ഷാ പ്രശ്നത്തെത്തുടര്‍ന്ന് കാബൂളില്‍ നിന്നുള്ള അവരുടെ ചാര്‍ട്ടേഡ് വിമാനത്തിന്റെ സമയം വൈകിച്ചിരുന്നു.

മുന്നറിയിപ്പുകളിലൊന്നും തന്നെ സുരക്ഷാ ഭീഷണി സംബന്ധിച്ച വിശദാംശങ്ങള്‍ പറയുന്നില്ല. എന്നാല്‍ ഐ.എസ്.ഐ.എസ് അടക്കമുള്ളവര്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വിവരം ലഭിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.

”ഇന്ന് രാവിലെ, പ്രസിഡന്റ് ജോ ബൈഡന്‍ അദ്ദേഹത്തിന്റെ ദേശീയ സുരക്ഷ സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാനിലെ സുരക്ഷ സ്ഥിതി സംബന്ധിച്ചും തീവ്രവാദവിരുദ്ധ പദ്ധതികള്‍ സംബന്ധിച്ചും അവര്‍ ചര്‍ച്ച നടത്തിയിരുന്നു,” വൈറ്റ് ഹൗസ് പ്രതിനിധി ശനിയാഴ്ച പറഞ്ഞു.

ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ കൊറാസന്‍ (ഐ.എസ്-കെ അഥവാ ഐ.എസ്.ഐ.എസ്-കെ) എന്ന തീവ്രവാദ സംഘടന കുറച്ച് കാലമായി അഫ്ഗാനില്‍ അക്രമങ്ങള്‍ നടത്തിയിരുന്നില്ലെങ്കിലും കാബൂള്‍ അടക്കമുള്ള നഗരപ്രദേശങ്ങളില്‍ അക്രമങ്ങള്‍ക്ക് പദ്ധതിയിടുന്നതായാണ് വിവരം.

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ അവിടെ നിന്നും പുറത്തെത്തിക്കാനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോവുകയാണ്. 2500 അമേരിക്കക്കാരെ കഴിഞ്ഞയാഴ്ച കാബൂളില്‍ നിന്നും രക്ഷപ്പെടുത്തിയതായി അമേരിക്കന്‍ പ്രതിനിധി അറിയിച്ചു.

അഫ്ഗാനില്‍ നിന്നും രക്ഷപ്പെട്ട് വരുന്ന അഭയാര്‍ത്ഥികള്‍ക്ക് താവളമൊരുക്കുന്നതിന് ഖത്തറിന് പുറമെ കാനഡ, യു.എ.ഇ എന്നീ രാജ്യങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്.

അതേസമയം രാജ്യത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് താലിബാന്‍ പ്രതിനിധി റോയിട്ടേഴ്സിനോട് പ്രതികരിച്ചു. ”ഇവിടത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ആളുകള്‍ക്ക് സുരക്ഷിതമായി രാജ്യം വിടുന്നതിനുള്ള സാഹചര്യവും ഉണ്ടാവും,” താലിബാന്‍ പ്രതിനിധി പറഞ്ഞു.

”കാബൂള്‍ വിമാനത്താവളത്തില്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് കാരണം അമേരിക്കയാണ്. ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കുവാന്‍ അമേരിക്ക നടത്തുന്ന നീക്കങ്ങളാണ് അവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നത്,” താലിബാന്റെ കള്‍ചറല്‍ കമ്മീഷന്‍ പ്രതിനിധി അല്‍ ജസീറയോട് പ്രതികരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: US, Germany warn of growing security threats at Kabul airport

We use cookies to give you the best possible experience. Learn more