ഗസയിലെ വീടുകള്‍ ഇടിച്ചു നിരത്താന്‍ ഇസ്രഈലിന് ബുള്‍ഡോസറുകള്‍ നല്‍കില്ല; വിതരണം മരവിപ്പിച്ച് യു.എസ്
World News
ഗസയിലെ വീടുകള്‍ ഇടിച്ചു നിരത്താന്‍ ഇസ്രഈലിന് ബുള്‍ഡോസറുകള്‍ നല്‍കില്ല; വിതരണം മരവിപ്പിച്ച് യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2024, 8:40 am

വാഷിങ്ടണ്‍: ഗസയിലെ വീടുകള്‍ തകര്‍ക്കാന്‍ ഇസ്രഈല്‍ ഉപയോഗിച്ചിരുന്ന കവചിത ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ്. ഗസയിലെ ബുള്‍ഡോസര്‍ ആക്രമണത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതും അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബൈഡന്‍ ഭരണകൂടത്തിനേറ്റ പരാജയവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ യു.എസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

130 D9 ബുള്‍ഡോസറുകളുടെ വിതരണം യു.എസ് നിര്‍ത്തിവെച്ചതായി ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ അമേരിക്കന്‍ യന്ത്ര നിര്‍മാതാക്കളായ കാറ്റര്‍പില്ലറുമായി ഈസ്രഈല്‍ സുരക്ഷാ മന്ത്രാലയം ബുള്‍ഡോസര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട സുപ്രധാന കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനിടയിലാണ് വില്‍പ്പന മരവിപ്പിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നതെന്ന്‌ ഇസ്രഈല്‍ പത്രമായ യെദിയോത്ത് അഹ്‌റോനോത്ത് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇസ്രഈല്‍ ബുള്‍ഡോസറുകള്‍ക്കുള്ള പണം വളരെ മുന്‍പ് തന്നെ അമേരിക്കയ്ക്ക് നല്‍കിയതാണെന്നും ഇനി അവയുടെ ഇറക്കുമതിക്കായി കാത്തിരിക്കുകയാണെന്നും ഇസ്രഈല്‍ സെക്യൂരിറ്റി സോഴ്‌സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ ഈ അപ്രതീക്ഷിത തീരുമാനം ഇസ്രഈലിന്റെ യുദ്ധ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നാണ് സൂചന.

ഗസയ്ക്ക് പുറമെ ലെബനനിലും ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതോടെ D9 ബുള്‍ഡോസറുകളുടെ ആവശ്യക്ത ഇസ്രഈലിന് വര്‍ധിച്ചിരുന്നു. എന്നാല്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധി കാരണം ഗസയ്ക്കും നഖാബ് മരുഭൂമിക്കും ഇടയില്‍ ഒരു ബഫര്‍ സോണ്‍ സ്ഥാപിക്കാനുള്ള ഇസ്രഈലിന്റെ പദ്ധതികള്‍ക്ക് തിരിച്ചടിയേറ്റിട്ടുണ്ട്. ഈ ബഫര്‍ സോണില്‍ ഗസയിലെ നൂറുകണക്കിന് ഫലസ്തീന്‍ കാര്‍ഷിക മേഖലകളും ഉള്‍പ്പെട്ടിരുന്നു.

ബുള്‍ഡോസര്‍ കയറ്റുമതി മരവിപ്പിച്ചതിനൊപ്പം, ഇസ്രഈലിലേക്കുള്ള ബോംബ് കയറ്റുമതിയും ഭാഗികമായി വാഷിംഗ്ടണ്‍ തടഞ്ഞുവെച്ചിട്ടുണ്ട്. അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ ബോയിങില്‍ നിന്ന് ഐ.ഒ.എഫ് ഏകദേശം 1,300 ബോംബുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഇവയ്ക്ക് ഓരോന്നിനും ഏകദേശം ഒരു ടണ്‍ ഭാരമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ബോംബുകളുടെ പകുതി ഭാഗം ഇതിനകം കയറ്റി അയച്ച് കഴിഞ്ഞിരുന്നു. ബാക്കിയുള്ളവ ഇപ്പോഴും യു.എസിന്റെ പക്കല്‍ തന്നെയാണ്. ഈ ബോംബുകള്‍ നല്‍കിയാല്‍ ഗസയിലെ സാധാരണക്കാരുടെ ജീവന് ഭീഷണിയാകും എന്ന ആശങ്കയെ തുടര്‍ന്നാണ് പുതിയ തീരുമാനം.

ഒക്ടോബര്‍ ഏഴ് മുതല്‍ അമേരിക്ക ഇസ്രഈലിന് വലിയ രീതിയില്‍ തന്നെ ആയുധങ്ങള്‍ കയറ്റി അയച്ചിട്ടുണ്ട്. അതില്‍ 20,000ത്തില്‍ അധികം ഗൈഡഡ് ബോംബുകള്‍, 3,000 മിസൈലുകള്‍, വിമാനങ്ങള്‍, വെടിമരുന്ന്, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്.

Content Highlight: US freezed delivery of bulldozers to Israel over demolitions in Gaza