ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെക്‌സസില്‍ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ 19 കുട്ടികളടക്കം കൊല്ലപ്പെട്ട സംഭവം ചര്‍ച്ചയായിരിക്കെ രാജ്യത്ത് തോക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഹൂസ്റ്റണില്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു തോക്ക് നിയന്ത്രണം ശക്തമാക്കണമെന്ന ആവശ്യങ്ങളെ ട്രംപ് തള്ളിയത്. ടെക്‌സസ് സംഭവം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ പ്രതികരണം.
ടെക്‌സസില്‍ നടന്ന സംഭവത്തെത്തുടര്‍ന്ന് നാഷണല്‍ റൈഫിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പല രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പിന്മാറിയിരുന്നു. എന്നാല്‍ ട്രംപ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.
തിന്മകളില്‍ നിന്നും സ്വയം രക്ഷനേടാന്‍ അമേരിക്കക്കാര്‍ക്ക് ആയുധം അത്യാവശ്യമാണെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ട്രംപ് പറഞ്ഞത്.
”ലോകത്ത് തിന്മ നിലനില്‍ക്കുന്നു എന്നത്, നിയമം അനുസരിച്ച് പോരുന്ന പൗരന്മാരെ നിരായുധരാക്കാനുള്ള കാരണമല്ല. ലോകത്ത് തിന്മ നിലനില്‍ക്കുന്നു എന്നത് തന്നെയാണ് നിയമത്തിന് അനുസൃതമായി ജീവിക്കുന്ന പൗരന്മാര്‍ക്ക് ആയുധം നല്‍കേണ്ടതിന്റെ പ്രധാന കാരണം,” ട്രംപ് പറഞ്ഞു.
അമേരിക്കയിലെ ഏറ്റവും ശക്തമായ ഗണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷനാണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍.
അതേസമയം, യു.എസിന്റെ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പ്രകാരം ഈ വര്‍ഷം രാജ്യത്ത് ഇതുവരെ 214 മാസ് ഷൂട്ടിങ്ങുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ടെക്സസിലെ ഒരു പ്രൈമറി സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 19 കുട്ടികളും രണ്ട് അധ്യാപകരുമടക്കം 21 പേര്‍ കൊല്ലപ്പെട്ടത്. അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളാണ് പ്രൈമറി സ്‌കൂളിലുള്ളത്.
സൗത്ത് ടെക്സസിലെ ഉവാല്‍ഡേ നഗരത്തിലെ റോബ്ബ് എലമെന്ററി സ്‌കൂളിലായിരുന്നു സംഭവം. 18 വയസുള്ള ഒരാള്‍ തോക്കുമായി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു. സാല്‍വദോര്‍ റാമോസ് എന്ന 18കാരനാണ് സ്‌കൂളില്‍ വെടിവെപ്പ് നടത്തിയത്.
സാല്‍വദോര്‍ റാമോസിന്റെ കയ്യില്‍ സെമി ഓട്ടോമാറ്റിക് റൈഫിളും ഒരു ഹാന്‍ഡ് ഗണും ഉണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. എന്നാല്‍ റാമോസ് ക്രിമിനല്‍ പശ്ചാത്തലമോ മാനസിക പ്രശ്‌നങ്ങളോ ഉള്ള ആളല്ലെന്നും പൊലിസ് അറിയിച്ചിരുന്നു.
പതിനെട്ട് വയസ് തികഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഇയാള്‍ തോക്ക് വാങ്ങിയെന്നാണ് റിപ്പോട്ടുകള്‍ പുറത്തുവന്നത്. ഇതോടെയാണ് രാജ്യത്തെ തോക്കുനിയമങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യമുയരുന്നത്.
തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് യു.എസില്‍ പതിവായി കേസുകളില്‍ നിന്നും സംരക്ഷണം ലഭിക്കാറുണ്ട്. 18 വയസുകഴിഞ്ഞ ആര്‍ക്കും തോക്ക് സ്വന്തമാക്കാം. 2005ലാണ് തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് സംരക്ഷണം ലഭിക്കുന്ന നിയമം നിലവില്‍ വന്നത്.
ടെക്‌സസ് സംഭവത്തിന് പിന്നാലെ രാജ്യത്തെ തോക്ക് നിയമത്തെ വിമര്‍ശിച്ചുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
2012ല്‍ യു.എസിലെ സാന്‍ഡി ഹൂകില്‍ നടന്ന വെടിവെപ്പില്‍ 20 കുട്ടികളടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം രാജ്യത്തെ ഒരു സ്‌കൂളില്‍ നടന്ന ഏറ്റവും വലിയ വെടിവെപ്പാണ് ഇപ്പോള്‍ ടെക്സസില്‍ നടന്നത്.
Content Highlight: US former president Donald Trump speaks against gun control after Texas school shooting