വാഷിംങ്ടണ്‍: ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ നിരോധിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി യു.എസ് അപ്പീല്‍ കോടതി തള്ളി. കീഴ്‌ക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ല എന്നായിരുന്നു യു.എസ് ഫെഡറല്‍ അപ്പീല്‍ കോടതിയുടെ വിധി.
Also read ബി.ജെ.പിയുടെ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി: മുന്നണി ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ബി.ഡി.ജെ.എസ്
തീവ്രവാദ ഭീഷണിക്ക് വ്യക്തമായ തെളിവുകളുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനും സര്‍ക്കാരിന് കഴിഞ്ഞില്ല. നിയമം പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചില്ല. കുടിയേറ്റ നിയന്ത്രണം തടഞ്ഞ കീഴ്കോടതി വിധിയെ ചോദ്യം ചെയ്താണ് ട്രംപ് സര്‍ക്കാര്‍ അപ്പീല്‍ കോടതിയെ സമീപിച്ചിരുന്നത്.
ദേശീയ സുരക്ഷ അപകടത്തിലാണെന്നും കോടതി ഉത്തരവിനെ നിയമപരമായി തന്നെ നേരിടുമെന്നും ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചു. കീഴ്‌ക്കോടതി വിധി പുറത്ത് വന്നപ്പോഴും ട്രംപ് നിയമപരമായി ഇതിനെ മറികടക്കും എന്നു തന്നെയായിരുന്നു പ്രതികരിച്ചത്. കോടതി നടപടിയെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചിരുന്നത്. വിധി വിഡ്ഡിത്തമാണെന്നും കോടതി നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ട്രംപ് ആരോപിച്ചിരുന്നു.
കഴിഞ്ഞ മാസം 27നായിരുന്നു ട്രംപ് ഏഴു രാഷ്ട്രങ്ങളിലെ സന്ദര്‍ശകര്‍ക്ക് വിസാ നിരോധനം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യത്തിനകത്തും പുറത്തും വ്യാപക പ്രതിഷേധങ്ങളാണ് നടന്നിരുന്നത്. സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചിരുന്ന കോടതികളും സര്‍ക്കാരിനെതിരായ വിധികളാണ് പുറപ്പെടുവിച്ചത്. ഇതിനെതിരെയായിരുന്നു സര്‍ക്കാര്‍ ഫെഡറല്‍ അപ്പീല്‍ കോടതിയെ സമീപിച്ചിരുന്നത്.