| Saturday, 25th April 2020, 7:50 am

'ഗുരുതരമായ ആരോഗ്യ പ്രശനങ്ങളുണ്ട്',ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്‌സി ക്ലോറോക്വിനെതിരെ എഫ്.ഡി.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്കയിലെ എഫ്.ഡി.എ ( ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍)

നിലവില്‍ ഈ മരുന്ന് കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ ഇതുപയോഗിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളടക്കം വരുന്നുന്നുണ്ടെന്നാണ് എഫ്.ഡി.എ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഒപ്പം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും രോഗികളും ഈ മരുന്നിന്റെ ദൂഷ്യവശങ്ങളും മനസ്സിലാക്കണമെന്ന് എഫ്.ഡി.എ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിച്ചും azithromycin സംയോജിച്ചും ചികിത്സിക്കുന്ന കൊവിഡ് 19 രോഗികളില്‍ ഉണ്ടാവുന്ന ഗുരുതരമായ ഹൃദയമിടിപ്പ് പ്രശ്‌നങ്ങളെക്കുറിച്ച് എഫ്.ഡി.എക്ക് അറിയാം.

ആശുപത്രിയില്‍ കിടക്കാത്ത രോഗികള്‍ ഈ മരുന്ന് വലിയ രീതിയില്‍ കുറിപ്പടിയോടു കൂടി ഉപയോഗിക്കുന്നതായും ഞങ്ങള്‍ക്കറിയാം. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകരോടും രോഗികളോടും ഈ മരുന്നുമായി ബന്ധപ്പെട്ടുള്ള അപകടവശത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ എഫ്.ഡി.എ പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്ന രോഗികളില്‍ ആഴ്ചകളോളം ഹൃദയസംബന്ധമായ പ്രശ്‌നം ഉണ്ടാവുന്നതായി കാര്‍ഡിയോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

നിലവില്‍ അമേരിക്കയില്‍ കൊവിഡ് പ്രതിരോധത്തിനായി ഒരു മരുന്നും എഫ്.ഡി.എ അംഗീകരിച്ചിട്ടില്ല. കൊവിഡ് പ്രതിരോധത്തിനായി അമേരിക്കയിലുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. ഗെയിം ചേഞ്ചര്‍ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മരുന്നിനെ വിശേഷിപ്പിച്ചത്.

ട്രംപിന്റെ നിരന്തര ആവശ്യപ്രകാരമാണ് ഇന്ത്യയില്‍ നിന്നും വലിയ തോതില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റി അയച്ചത്. അമേരിക്കയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഇതിനകം മരുന്ന് കയറ്റി അയച്ചിരിക്കുന്നത്.

ഹൈഡ്രോക്സി ക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണോ എന്നത് സംബന്ധിച്ച് നേരത്തെയും മെഡിക്കല്‍ രംഗത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ( ഐ.സി.എം.ആര്‍) ഡയരക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ആണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിനായി ശുപാര്‍ശ ചെയ്തത്. പിന്നീട് ഐ.സി.എം.ആറിന്റെ നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് കൊവിഡ് ചികിത്സയ്ക്കായി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനോട് അനുമതി തേടിയശേഷമാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ അംഗീകരിക്കപ്പെടുന്നത്. കൊവിഡ് പ്രതിരോധത്തിനും ചികിത്സക്കുമാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. മലേറിയ ചികിത്സയ്ക്കായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more