|

ചരിത്രത്തിലെ ഏറ്റവും വലിയ നാല് പ്രതിസന്ധികളെയാണ് അമേരിക്ക ഒരേസമയം നേരിടുന്നത്: ജോ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാല് പ്രതിസന്ധികളെയാണ് രാജ്യം ഇപ്പോള്‍ ഒരേ സമയം നേരിടേണ്ടി വന്നിരിക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ഈ പ്രതിസന്ധികളെ നേരിടാന്‍ താനും തന്റെ സംഘവും തയ്യാറാണെന്നും ജോ ബൈഡന്‍ പറഞ്ഞു.

‘കൊവിഡ് 19, സാമ്പത്തികനില, കാലാവസ്ഥ വ്യതിയാനം, വംശീയ നീതി- രാജ്യചരിത്രത്തിലെ ഏറ്റവും വലിയ നാല് പ്രതിസന്ധികളെയാണ് അമേരിക്ക ഇപ്പോള്‍ ഒരേസമയം നേരിട്ടുകൊണ്ടിരിക്കുന്നത്. വരുന്ന ജനുവരിയില്‍ വെറുതെ കളയാന്‍ സമയമില്ല. അതുകൊണ്ടു തന്നെ ഞാനും എന്റെ സംഘവും ആദ്യ ദിവസം മുതല്‍ തന്നെ ഈ പ്രതിസന്ധികളെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അതിനായുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍.’ ബൈഡന്റ് ട്വീറ്റില്‍ പറയുന്നു. ജനുവരി 20നാണ് ബൈഡന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുക.

അതേസമയം നീണ്ട നാളത്തെ വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ് ദുരിതാശ്വാസ ബില്‍ പാസാക്കിക്കൊണ്ട് ഒപ്പ് വെച്ചിരുന്നു. ട്രംപ് തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്നതുകൊണ്ടാണ് ഒപ്പ് വെക്കാന്‍ തയ്യാറാകാത്തതെന്ന് ബൈഡന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

അതേസമയം കൊവിഡിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പകര്‍ച്ചവ്യാധി വിഭാഗം വിദഗ്ധനായ ഡോ.ആന്റണി ഫൗസിയാണ് ക്രിസ്മസ് അവധിക്കാലത്ത് രോഗവ്യാപനം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

‘ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ സുഹൃത്തുക്കളെ ഓര്‍ത്ത് എനിക്ക് ആശങ്കയുണ്ട്. കാരണം ക്രിസ്മസ്, പുതുവര്‍ഷം എന്നീ ആഘോഷങ്ങള്‍ക്ക് ശേഷം രോഗവ്യാപനം തീര്‍ച്ചയായും വര്‍ധിച്ചിട്ടുണ്ടാകും.’ ഡോ.ആന്റണി ഫൗസി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: US Facing “Four Historic Crises At Once”, Says Joe Biden