World News
ജോര്‍ജ് ഫ്‌ളോയിഡ് കൊലപാതകം: മുന്‍ പൊലീസുകാരന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ എട്ടാഴ്ച്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 21, 02:07 am
Wednesday, 21st April 2021, 7:37 am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കറുത്തവംശജനായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിലെ പ്രതിയായ യു.എസ് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കുറ്റക്കാരനാണെന്ന് കോടതി.

ഇയാള്‍ക്കെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. ചൗവിന്റെ ശിക്ഷ എട്ടാഴ്ചയ്ക്കുള്ളില്‍ വിധിക്കുമെന്നും കോടതി അറിയിച്ചു. 75 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍ ചൗവിനെതിരെ തെളിഞ്ഞത്.

2020 മെയ് 25നാണ് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്‌ളോയിഡിനെ ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

ഫ്‌ളോയിഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്.

ടൗ താവോ, ജെ അലക്സാണ്ടര്‍ കുവെങ്, തോമസ് കെ ലെയ്ന്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ഫ്‌ളോയിഡിനെ അറസ്റ്റ് ചെയ്തത്.

പ്രതിഷേധം ശക്തമായതോടെ ഡെറക് ചൗവിനെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഫെഡല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് കേസില്‍ അന്വേഷണം നടത്തിയത്. മൂന്നാഴ്ചത്തെ വിചാരണയ്ക്കുശേഷമാണ് വിധി പ്രഖ്യാപനമുണ്ടായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: US ex-policeman Derek Chauvin convicted of murder in George Floyd case