ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ പ്രതിനിധി സാല്‍മെ ഖാലില്‍സാദ് സ്ഥാനമൊഴിഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഖാലില്‍സാദ് പദവിയൊഴിയുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങി രണ്ട് മാസമാകുന്ന ഘട്ടത്തിലാണ് അമേരിക്കന്‍ പ്രതിനിധിയുടെ രാജി. അഫ്ഗാന്‍ സര്‍ക്കാരിന്റെ പതനവും താലിബാന്‍ അധികാരം കൈക്കലാക്കിയതും ഖാലില്‍സാദിന് മേല്‍ വലിയ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള രാഷ്ട്രീയപരമായ വ്യവസ്ഥ മുന്‍കൂട്ടി ആലോചിച്ച പ്രകാരം നടന്നില്ല എന്ന് പദവിയൊഴിയുന്ന കാര്യം അറിയിച്ചുകൊണ്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് നല്‍കിയ കത്തില്‍ ഖാലില്‍സാദ് പറയുന്നു.
”സ്ഥാനമൊഴിയാനുള്ള ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വളരെ സങ്കീര്‍ണമാണ്. വരുന്ന ആഴ്ചകളിലായി ഞാന്‍ എന്റെ ചിന്തകള്‍ പങ്കുവെക്കുന്നതായിരിക്കും,” ഖാലില്‍സാദ് പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ പോളിസിയില്‍ അമേരിക്ക പുതിയൊരു ഘട്ടത്തിലേക്ക് കടന്ന സമയത്താണ് അഫ്ഗാനിലെ അമേരിക്കന്‍ സ്ഥാനപതിയുടെ സ്ഥാനമൊഴിയല്‍.