ഖലിസ്ഥാനി വാദിയുടെ കൊലപാതകം; യു.എസ്, യു.കെ ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ സഖ്യത്തിന് വിവരം ലഭിച്ചെന്ന് റിപ്പോർട്ട്
ടൊറന്റോ: കാനഡയിലെ ഖലിസ്ഥാൻ വാദിയുടെ കൊലപാതകത്തിലെ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് കാനഡ, യു.എസ്, യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ “ഫൈവ് ഐ”സിന് ഇന്റലിജൻസ് വിവരം ഉണ്ടായിരുന്നു എന്ന് റിപ്പോർട്ട്. ഫൈവ് ഐസ് പങ്കാളികൾക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് എന്നും സൂചന.
സഖ്യ രാജ്യങ്ങൾക്ക് കൊലപാതകത്തിലെ ഇന്ത്യയുടെ ഇടപെടലിനെ സംബന്ധിച്ച് വിവരം ലഭിച്ചെന്ന് കാനഡയിലെ യു.എസ് അംബാസിഡർ ഡേവിഡ് കോഹനെ ഉദ്ധരിച്ചുകൊണ്ട് സി.ടി.വി ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു.
ഫൈവ് ഐസ് പങ്കാളികൾക്കിടയിൽ അന്വേഷണം നടന്നുവെന്ന് ഔദ്യോഗികവും അനൗദ്യോഗികവുമായ ധാരാളം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് യു.എസ് സർക്കാരിന്റെ പ്രതിനിധി ഈ കാര്യം സമ്മതിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിങ്ഡം, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന രഹസ്യാന്വേഷണ സഖ്യമാണ് ‘ഫൈവ് ഐസ്.’ സർവൈലൻസിന്റെയും സിഗ്നൽ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
കാനഡക്കും ഇന്ത്യക്കുമിടയിൽ നയതന്ത്ര ബന്ധം വഷളായി തുടങ്ങിയപ്പോൾ ഈ സംഭവത്തിൽ അന്വേഷണം നടത്തിയത് ആരാണ്, ആർക്കൊക്കെ ഇതിനെക്കുറിച്ച് അറിയാം, എപ്പോഴായിരുന്നു അന്വേഷണം തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നിരുന്നു എന്ന് സി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
‘ഫൈവ് ഐസിന് ലഭിച്ച വിവരങ്ങളാണ് കാനഡയുടെ പ്രധാനമന്ത്രിക്ക് മുന്നോട്ട് വന്ന് പ്രസ്താവന നടത്താൻ സഹായമായത്,’ ഡേവിഡ് കോഹനെ ഉദ്ധരിച്ചുകൊണ്ട് ചാനൽ റിപ്പോർട്ട് ചെയ്തു.
ട്രൂഡോ അവകാശപ്പെടുന്ന അന്വേഷണ വിവരം കാനഡയിൽ നിന്ന് മാത്രം വന്നതല്ല മറിച്ച് സഖ്യകക്ഷികളിൽ ഒരാളും വിവരങ്ങൾ ലഭിക്കാൻ സഹായിച്ചിട്ടുണ്ട് എന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസും കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനും മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
വിഷയത്തിൽ കാനഡയും യു.എസും തമ്മിൽ വലിയ രീതിയിൽ ആശയവിനിമയം നടന്നതയും കോഹൻ പറഞ്ഞു. കാനഡയുടെ ആരോപണങ്ങളിൽ ആശങ്കയുണ്ടെന്നും കാനഡയുമായി യു.എസ് ഏകോപിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് മറ്റൊരു യു.എസ് പ്രതിനിധിയുടെ വെളിപ്പെടുത്തൽ.
Content Highlight: US Envoy Confirms Canada Received ‘Five Eyes’ Intelligence Against India: Report