|

ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ആരോപണം നിരാശാജനകം; ബി.ജെ.പി ആരോപണങ്ങള്‍ തള്ളി യു.എസ് എംബസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനിക്കുമെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ യു.എസാണെന്ന ബി.ജെ.പി ആരോപണത്തില്‍ പ്രതികരിച്ച് അമേരിക്കന്‍ എംബസി. ആരോപണങ്ങള്‍ നിരാശപ്പെടുത്തുന്നതാണെന്ന് ദല്‍ഹിയിലെ യു.എസ് എംബസി പറഞ്ഞു.

രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിക്കുന്നത് നിരാശപ്പെടുത്തുന്നു എന്നാണ് യു.എസ് വക്താവ് പറഞ്ഞത്. മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റോറിയല്‍ നിലപാടുകളില്‍ ഇടപെടാറില്ലെന്നും യു.എസ് എംബസി പ്രതികരിച്ചു.

ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നുണ്ടെങ്കില്‍ തന്നെ അത് ജീവനക്കാര്‍ക്ക് പ്രചോദനം നല്‍കാന്‍ മാത്രമാണെന്നും യു.എസ് വക്താവ് അറിയിച്ചു. ബി.ജെ.പിയുടെ മുഴുവന്‍ ആരോപണങ്ങളും നിഷേധിക്കുകയാണെന്നും എംബസി വ്യക്തമാക്കി.

മോദിക്കെതിരെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്റ്റ് (OCCRP) തുടങ്ങിയ സംഘടനകള്‍ക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ധനസഹായം നല്‍കിയെന്നാണ് ബി.ജെ.പി ആരോപിച്ചത്. ഇന്ത്യയെ തകര്‍ക്കാനുള്ള യു.എസിന്റെ നീക്കമായാണ് ബി.ജെ.പി പ്രസ്തുത റിപ്പോര്‍ട്ടുകളെ ചൂണ്ടിക്കാട്ടിയത്.

കെനിയ, മ്യാന്മര്‍ എന്നിവിടങ്ങളിലെ അദാനി പദ്ധതികളെ കുറിച്ചും പെഗാസസ് പദ്ധതിയുമായി അദാനി ഗ്രൂപ്പിനുള്ള ബന്ധത്തെ കുറിച്ചുമാണ് പദ്ധതിയില്‍ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് ബി.ജെ.പി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ രംഗത്തെത്തിയത്.

ഒരു സംഘം മാധ്യമപ്രവര്‍ത്തകരും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും സഹകരിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും യു.എസിലെ ഡീപ് സ്റ്റേറ്റ് ഘടകങ്ങളും ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ബി.ജെ.പി ആരോപിച്ചത്.

കഴിഞ്ഞ നാല് വര്‍ഷങ്ങളായി ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന വിഷയങ്ങള്‍ വിദേശ പിന്തുണയുള്ളതാണെന്നും ബി.ജെ.പി പറഞ്ഞിരുന്നു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

പെഗാസസ്, അദാനി, ജാതി സെന്‍സസ്, ‘ജനാധിപത്യം അപകടത്തില്‍’, ആഗോള പട്ടിണി സൂചിക, മതസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം തുടങ്ങിയ പ്രശ്നങ്ങളെല്ലാം വിദേശ സ്രോതസുകളാല്‍ വലിയ രീതിയില്‍ ആകര്‍ഷപ്പെട്ടിട്ടുണ്ടെന്നും ബി.ജെ.പി ആരോപിക്കുന്നുണ്ട്. നിലവില്‍ ബി.ജെ.പിയുടെ മുഴുവന്‍ ആരോപണങ്ങളെയും തള്ളി പ്രതികരിച്ചിരിക്കുകയാണ് യു.എസ് എംബസി.

Content Highlight: US embasy react to bjp arguments