അല്‍ഖ്വയ്ദ ഭീഷണി: യു.എസ് നയതന്ത്ര കാര്യാലയങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം നീട്ടി
World
അല്‍ഖ്വയ്ദ ഭീഷണി: യു.എസ് നയതന്ത്ര കാര്യാലയങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം നീട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2013, 12:50 am

[]വാഷിങ്ടണ്‍: അല്‍ഖ്വയ്ദയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അമേരിക്ക കഴിഞ്ഞ ദിവസം അടച്ചിട്ട വടക്കന്‍ ആഫ്രിക്കയിലെയും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേയും 21 എംബസികളും കോണ്‍സുലേറ്റുകളും ഒരാഴ്ച കൂടി അടച്ചിടുമെന്ന് യു.എസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. []

മുന്‍ കാലങ്ങളില്‍ നല്‍കിയ മുന്നറിയിപ്പുകളേക്കാള്‍ കൂടുതല്‍ ഗൗരവതരമായ ഭീഷണിയാണ് ഇത്തവണത്തേതെന്നു പറഞ്ഞ് കഴിഞ്ഞദിവസം അടച്ചു പൂട്ടിയ നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുന്നത് ആഗസ്റ്റ് 10ലേക്ക് നീട്ടിയതായി വാഷിങ്ടണ്‍ വൃത്തങ്ങള്‍ അറിയിച്ചു.

വിദേശങ്ങളില്‍, പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ യാത്രചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് അല്‍ഖ്വയ്ദ ഭീഷണി നിലനില്‍ക്കുന്നതായി കഴിഞ്ഞ ആഴ്ച അമേരിക്കന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നയതന്ത്ര കേന്ദ്രങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയത്.

വടക്കന്‍ ആഫ്രിക്കയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യു.എസ് പൗരന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്താന്‍ അല്‍ഖ്വയ്ദ പദ്ധതിയിട്ടതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഒരാഴ്ചകൂടി എംബസി അടച്ചിടാന്‍ കോണ്‍സുലേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യു.എസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഈ മാസം അവസാനം വരെ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ പ്രധാന വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു എസ് പൗരന്‍മാരെയും ഉദ്യോഗസ്ഥരെയും ലക്ഷ്യംവെച്ച് തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ അല്‍ഖ്വയ്ദ പദ്ധതിയിട്ടിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍. എസ്.എ) ഉപദേശക സുസന്‍ റൈസ് പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകള്‍ക്കും എംബസികള്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്താന്‍ അല്‍ഖ്വയ്ദ ആസൂത്രണം നടത്തിയതായി വ്യക്തമായിട്ടുണ്ടെന്ന് എന്‍ എസ് എ വക്താക്കളായിരുന്നു അറിയിച്ചത്.

അല്‍ഖ്വയ്ദ പദ്ധതിയെ കുറിച്ച് കഴിഞ്ഞ മാസം പ്രസിഡന്റ് ഒബാമക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വക്താക്കള്‍ അവകാശവാദമുന്നയിച്ചു.
പ്രധാനമായും അറബ് രാജ്യങ്ങളിലെ എംബസികളാണ് അമേരിക്ക അടച്ചുപുട്ടാന്‍ തീരുമാനിച്ചത്.

യമന്‍, സഊദി അറേബ്യ, യു എ ഇ, കുവൈത്ത്, ഇറാഖ്, ഈജിപ്ത്, ലിബിയ, ലബനാന്‍, ഒമാന്‍, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളിലെ വിവിധ എംബസികളും കോണ്‍സുലേറ്റുകളുമാണ് അമേരിക്ക അടച്ചത്.

എന്നാല്‍, ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തുവെന്ന അമേരിക്കയുടെ ആരോപണം അല്‍ഖ്വയ്ദ നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. ആസൂത്രണം നടത്തിയതിന് വ്യക്തമായ രേഖയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അവ വെളിപ്പെടുത്താന്‍ യു.എസ് അധികൃതര്‍ തയ്യാറായിട്ടില്ല.