| Monday, 5th March 2018, 3:07 pm

സുരക്ഷാ ഭീഷണി: തുര്‍ക്കിയിലെ യു.എസ് എംബസി അടച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് തുര്‍ക്കിയിലെ യു.എസ് എംബസി അടച്ചു. തിങ്കളാഴ്ച മുതലാണ് എംബസി അടച്ചുപൂട്ടിയത്. അവശ്യ സേവനങ്ങള്‍ മാത്രമേ നല്‍കൂവെന്ന് എംബസി പ്രസ്താവനയില്‍ അറിയിച്ചു.

തുര്‍ക്കിയിലെ തിരക്കേറിയ ഇടങ്ങളും പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കുമ്പോള്‍ സ്വന്തം സുരക്ഷ നോക്കണമെന്ന് തുര്‍ക്കിയിലുള്ള യു.എസ് പൗരന്മാര്‍ക്ക് എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്തു സുരക്ഷാ പ്രശ്‌നം കാരണമാണ് എംബസി അടച്ചുപൂട്ടുന്നതെന്ന് യു.എസ് ഇതുവരെ വിശദീകരിച്ചിട്ടില്ല. തുര്‍ക്കിയിലെ യു.എസ് എംബസി ലക്ഷ്യമിട്ടും യു.എസ് പൗരന്മാര്‍ താമസിക്കുന്ന ഇടംലക്ഷ്യമിട്ടും ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടു ലഭിച്ചിട്ടുണ്ടെന്നാണ് ഞായറാഴ്ച അങ്കാറ ഗവര്‍ണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

2013ല്‍ എംബസിയില്‍ ചാവേര്‍ ആക്രമണം നടക്കുകയും ഒരു ടര്‍ക്കിഷ് സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെടുക്കുകയും ചെയ്തിരുന്നു.

വടക്കന്‍ സിറിയയിലെ കുര്‍ദിഷ് പോരാളികള്‍ക്ക് യു.എസ് ആയുധം നല്‍കുന്നുവെന്നതുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളിലും അങ്കാറയും വാഷിങ്ടണ്ണും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

We use cookies to give you the best possible experience. Learn more