ലാഹോര്‍: പാകിസ്ഥാനില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ഇസ്‌ലാമാബാദിലെ യു.എസ് എംബസി.
തലസ്ഥാനമായ ഇസ്‌ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റില്‍ (Marriott Hotel) യു.എസ് പൗരന്മാര്‍ക്കെതിരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് പാകിസ്ഥാനിലെ യു.എസ് എംബസി മുന്നറിയിപ്പ് നല്‍കിയത്.
അമേരിക്കന്‍ ജീവനക്കാരെ മാരിയറ്റ് ഹോട്ടല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയതായും എംബസി ഞായറാഴ്ച പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഇസ്‌ലാമാബാദില്‍ ചാവേര്‍ സ്ഫോടനത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് എംബസി പ്രസ്താവന ഇറക്കിയത്.
”അവധിക്കാലത്ത് ഇസ്‌ലാമാബാദിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ച് അജ്ഞാതരായ ചിലര്‍ അമേരിക്കക്കാരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന വിവരം യു.എസ് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
അതുകൊണ്ട് ഇസ്‌ലാമാബാദിലെ മാരിയറ്റ് ഹോട്ടല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് എല്ലാ അമേരിക്കന്‍ ജീവനക്കാരെയും യു.എസ് എംബസി വിലക്കിയിരിക്കുന്നു. വിലക്ക് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും,” പ്രസ്താവനയില്‍ പറയുന്നു.
വിവിധ പരിപാടികളില്‍ പങ്കെടുക്കുമ്പോഴും ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്നും വലിയ ജനക്കൂട്ടമുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും യു.എസ് പൗരന്മാരോട് എംബസി നിര്‍ദേശിച്ചിട്ടുണ്ട്.
ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമാബാദില്‍ നിലവില്‍ ‘റെഡ് അലേര്‍ട്ട്’ (Red Alert) പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തില്‍ എല്ലാ പൊതുയോഗങ്ങളും നിരോധിച്ചിട്ടുണ്ട്.
Content Highlight: US embassy in Pakistan warned about a possible terrorist attack against American citizens at the Marriott Hotel in Islamabad