ഫല പ്രഖ്യാപനത്തിന് മുമ്പ് വൈറ്റ്ഹൗസില്‍ വാച്ച് പാര്‍ട്ടിയുമായി ട്രംപ്, ജോ ബൈഡന്‍ ഡെലവേറില്‍
US election
ഫല പ്രഖ്യാപനത്തിന് മുമ്പ് വൈറ്റ്ഹൗസില്‍ വാച്ച് പാര്‍ട്ടിയുമായി ട്രംപ്, ജോ ബൈഡന്‍ ഡെലവേറില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th November 2020, 8:14 am

വാഷിംങ്ടണ്‍: നിര്‍ണായകമായ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് വൈറ്റ് ഹൗസില്‍ തെരഞ്ഞെടുപ്പ് വാച്ച് പാര്‍ട്ടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

250 വിശിഷ്ട അതിഥികള്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് വാച്ച് പാര്‍ട്ടിയാണ് ട്രംപ് നടത്തുന്നത്. അതേസമയം ജോ ബൈഡന്‍ ഡെലവേറിലാണ് ഉള്ളത്. ഇവിടെ ജോ ബൈഡന്‍ വിജയിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാല്‍ വോട്ടുകള്‍ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാല്‍ ഫലം വൈകുമെന്നാണ് സൂചന. ഇലക്ടറല്‍ കോളേജുകളിലെ 538 അംഗങ്ങളില്‍ 270 പേരുടെ പിന്തുണയാണ് പ്രസിഡന്റിനു വേണ്ടത്.

10 കോടി പേര്‍ നേരത്തെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. പോളിംഗ് പൂര്‍ണമാവുമ്പോള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനം 2020 ല്‍ രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍. 2016 ലെ തെരഞ്ഞെടുപ്പിലെ ആകെ ബാലറ്റ് നമ്പറുകളേക്കാള്‍ 72 ശതമാനം വോട്ടുകളാണ് ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ടെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ഫ്ളോറിഡ, അരിസോണ തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടാനാവുമെന്നും ട്രംപ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ തെരുവുകളില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ സുരക്ഷാ സേനയെ വിന്യസിക്കാന്‍ സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 3600 സുരക്ഷാ സേനയെ ഇതിനകം വിന്യസിച്ചിട്ടുണ്ട്.

അന്തിമ ഫലത്തിന് എത്ര നേരം കാത്തിരിക്കണം?

തപാല്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സമയം വേണ്ടതിനാല്‍ അന്തിമ ഫലം വൈകാനാണ് സാധ്യത. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ പല സംസ്ഥാനങ്ങളിലെ സമയ വ്യത്യാസം പോളിംഗും വോട്ടെണ്ണലും വിവിധ സംസ്ഥാനങ്ങളില്‍ രണ്ടു സമയത്താകാനിടയാക്കും.

തെരഞ്ഞെടുപ്പ് രാത്രിയില്‍ തന്നെ പ്രസിഡന്റ് വിജയിയെ വാര്‍ത്താ ഏജന്‍സികള്‍ക്ക് തങ്ങളുടെ ഡാറ്റകള്‍ വെച്ച് പ്രൊജക്ട് ചെയ്യാന്‍ കഴിയും. എന്നാലും ഓരോ സംസ്ഥാനവും തങ്ങളുടെ ജനകീയ വോട്ടുകള്‍ ( പോപ്പുലര്‍ വോട്ടുകള്‍) വരും ദിവസങ്ങളില്‍ വ്യക്തമാക്കും.

സംസ്ഥാനങ്ങള്‍ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയ ശേഷം പിന്നീട് ഇലക്ടറല്‍ കോളേജ് തെരഞ്ഞെടുപ്പാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ ഇലക്ടറല്‍ കോളേജ് പ്രതിനിധികള്‍ക്കാണ് വോട്ട് ചെയ്യുന്നത്. ഇവരാണ് പിന്നീട് അമേരിക്കന്‍ പ്രസിഡന്റിനായി വോട്ട് ചെയ്യുക.

ഡിസംബര്‍ 14 നാണ് ഇത് നടക്കുക. ജനുവരി 26 ന് ഈ ഫലം ക്യാപിറ്റലില്‍ എത്തിക്കുകയും സെനറ്റും ജനപ്രതിനിധിസഭയും ചേംബറില്‍ സംയുക്ത സമ്മേളനത്തോടെ വോട്ടുകള്‍ എണ്ണുകയും ചെയ്യും. സെനറ്റ് പ്രസിഡന്റായി അധ്യക്ഷത വഹിക്കുന്ന വൈസ് പ്രസിഡന്റ് ഫലം പ്രഖ്യാപിക്കും. 538 ല്‍ 270 വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് വിജയിയാവുക. ജനപ്രതിനിധി സഭയിലെ 435 സീറ്റും സെനറ്റിലെ 100 സീറ്റും ദേശീയ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സിയുടെ 3 പ്രതിനിധികളും ചേര്‍ത്താണ് 538 എന്ന് നിശ്ചയിച്ചത്.

Content Highlights: US Elections results Trump with the Watch Party at the White House before the results are announced. Joe Biden in Delaware