| Wednesday, 4th November 2020, 7:39 am

ലീഡ് നില മാറി മാറിയുന്നു; ഫലം പ്രഖ്യാപിച്ചിടങ്ങളില്‍ ബൈഡന് ലീഡ്; ട്രംപിന് 92 ഇടങ്ങളില്‍ മാത്രം ലീഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

US Election Results 2020  : വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഡ് നില മാറി മറിയുകയാണ്. ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍ ബൈഡനാണ് നേരിയ മുന്‍തൂക്കം. ഫലം പ്രഖ്യാപിച്ചിടത്ത് 122 സ്ഥലങ്ങളില്‍ ജോ ബൈഡനും ഡോണാള്‍ഡ് ട്രംപിന് 92 സ്ഥലങ്ങളിലുമാണ് മുന്നേറ്റം ഉണ്ടായിരിക്കുന്നത്.

ഇന്ത്യന്‍ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാല്‍ വോട്ടുകള്‍ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാല്‍ ഫലം വൈകുമെന്നാണ് സൂചന. ഇലക്ടറല്‍ കോളേജുകളിലെ 538 അംഗങ്ങളില്‍ 270 പേരുടെ പിന്തുണയാണ് പ്രസിഡന്റിനു വേണ്ടത്. ചിലയിടങ്ങളില്‍ ഇപ്പോഴും വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം.

വര്‍ജിനീയ, വെര്‍മണ്ട്, മേരിലന്‍ഡ്, ഡെലാവറില്‍, ന്യൂ ജഴ്‌സി, എന്നിവിടങ്ങളില്‍ ബൈഡന്‍ ആണ് ജയിച്ചത്. ഒഹായോയിലും ഫ്‌ലോറിഡയിലും ബൈഡന് നിര്‍ണായകലീഡ് ഉണ്ട്. കെന്റക്കി, സൗത്ത് കാരൊളൈന, വെസ്റ്റ് വെര്‍ജീനിയ, സൗത്ത്, നോര്‍ത്ത് കാരൊളൈന എന്നിവിടങ്ങളില്‍ ട്രംപാണ് മുന്നിലുള്ളത്.

10 കോടി പേര്‍ നേരത്തെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. പോളിംഗ് പൂര്‍ണമാവുമ്പോള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനം 2020 ല്‍ രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍. 2016 ലെ തെരഞ്ഞെടുപ്പിലെ ആകെ ബാലറ്റ് നമ്പറുകളേക്കാള്‍ 72 ശതമാനം വോട്ടുകളാണ് ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ടെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ഫ്ളോറിഡ, അരിസോണ തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടാനാവുമെന്നും ട്രംപ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ തെരുവുകളില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ സുരക്ഷാ സേനയെ വിന്യസിക്കാന്‍ സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 3600 സുരക്ഷാ സേനയെ ഇതിനകം വിന്യസിച്ചിട്ടുണ്ട്.

അന്തിമ ഫലത്തിന് എത്ര നേരം കാത്തിരിക്കണം?

തപാല്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സമയം വേണ്ടതിനാല്‍ അന്തിമ ഫലം വൈകാനാണ് സാധ്യത. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ പല സംസ്ഥാനങ്ങളിലെ സമയ വ്യത്യാസം പോളിംഗും വോട്ടെണ്ണലും വിവിധ സംസ്ഥാനങ്ങളില്‍ രണ്ടു സമയത്താകാനിടയാക്കും.

തെരഞ്ഞെടുപ്പ് രാത്രിയില്‍ തന്നെ പ്രസിഡന്റ് വിജയിയെ വാര്‍ത്താ ഏജന്‍സികള്‍ക്ക് തങ്ങളുടെ ഡാറ്റകള്‍ വെച്ച് പ്രൊജക്ട് ചെയ്യാന്‍ കഴിയും. എന്നാലും ഓരോ സംസ്ഥാനവും തങ്ങളുടെ ജനകീയ വോട്ടുകള്‍ ( പോപ്പുലര്‍ വോട്ടുകള്‍) വരും ദിവസങ്ങളില്‍ വ്യക്തമാക്കും.

സംസ്ഥാനങ്ങള്‍ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയ ശേഷം പിന്നീട് ഇലക്ടറല്‍ കോളേജ് തെരഞ്ഞെടുപ്പാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ ഇലക്ടറല്‍ കോളേജ് പ്രതിനിധികള്‍ക്കാണ് വോട്ട് ചെയ്യുന്നത്. ഇവരാണ് പിന്നീട് അമേരിക്കന്‍ പ്രസിഡന്റിനായി വോട്ട് ചെയ്യുക.

ഡിസംബര്‍ 14 നാണ് ഇത് നടക്കുക. ജനുവരി 26 ന് ഈ ഫലം ക്യാപിറ്റലില്‍ എത്തിക്കുകയും സെനറ്റും ജനപ്രതിനിധിസഭയും ചേംബറില്‍ സംയുക്ത സമ്മേളനത്തോടെ വോട്ടുകള്‍ എണ്ണുകയും ചെയ്യും. സെനറ്റ് പ്രസിഡന്റായി അധ്യക്ഷത വഹിക്കുന്ന വൈസ് പ്രസിഡന്റ് ഫലം പ്രഖ്യാപിക്കും. 538 ല്‍ 270 വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് വിജയിയാവുക. ജനപ്രതിനിധി സഭയിലെ 435 സീറ്റും സെനറ്റിലെ 100 സീറ്റും ദേശീയ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സിയുടെ 3 പ്രതിനിധികളും ചേര്‍ത്താണ് 538 എന്ന് നിശ്ചയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: US Elections results president election 2020 joe biden, and trump

We use cookies to give you the best possible experience. Learn more