അമേരിക്കന്‍ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്; പ്രചരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒബാമയും റോംനിയും
World
അമേരിക്കന്‍ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്; പ്രചരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒബാമയും റോംനിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th November 2012, 7:48 am

വാഷിങ്ടണ്‍:അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പിന് മൂന്നുദിവസം ബാക്കിനില്‍ക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായും അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയും എതിര്‍ സ്ഥാനാര്‍ത്ഥിയായ റിപ്പബ്ലിക്കന്‍ പ്രതിനിധി മിറ്റ് റോംനിയും അവസാനഘട്ട പ്രചാരണത്തിലാണ്.

തന്റെ രണ്ടാമൂഴത്തിന് നിര്‍ണായകമായ ഒഹിയോവിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഒബാമ ശ്രദ്ധ കേന്ദ്രീകരിച്ചത്. റോംനിയാകട്ടെ ഒഹിയോവിലും വിസ്‌കോന്‍സിനിലും പര്യടനം നടത്തി. ഒബാമയുടെ വിജയമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭരണനേട്ടങ്ങളും മുറയ്ക്ക് പുറത്തുവിടുന്നുണ്ട്.[]

കഴിഞ്ഞ ഒക്ടോബറില്‍ 1,71,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ തൊഴിലില്ലായ്മ 7.8 ശതമാനത്തില്‍ നിന്ന് 7.9 ശതമാനമായി ഉയര്‍ന്നതായി രേഖപ്പെടുത്തിയിരുന്നു.

സാമ്പത്തികനില പ്രതീക്ഷ നല്‍കുന്നതല്ല എന്ന വാദവുമായാണ് റോംനി ഒബാമയെ നേരിടുന്നത്.

അതിനിടെ തിരഞ്ഞെടുപ്പില്‍ ഒബാമയും റോംനിയും ഏതാണ്ട് 10 ലക്ഷം പരസ്യങ്ങള്‍ സംപ്രേഷണം ചെയ്തതായി ഒരു സര്‍വെ വെളിപ്പെടുത്തി. ഇതില്‍ കൂടുതല്‍ തുക ചെലവഴിച്ചത് ഒബാമയാണ് 26.6 കോടി ഡോളര്‍. 10.54 കോടി ഡോളറുമായി റോംനി തൊട്ട് പിറകിലുണ്ട്.