| Thursday, 5th November 2020, 3:08 pm

'മുഴുവന്‍ വോട്ടും എണ്ണണം, മുഴുവന്‍ വോട്ടും എണ്ണരുത്'; ഒരേസമയം രണ്ട് ബാനറുകളുമായി തെരുവിലിറങ്ങി ട്രംപ് അനുകൂലികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് വലിയ രീതിയിലുള്ള പ്രതിഷേധമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യത്തെമ്പാടും നടത്തുന്നത്. വോട്ടിങ് തുടരുന്ന ജോര്‍ജിയയിലും നവാദയിലും പെന്‍സില്‍വാനിയയിലും അരിസോണയിലുമുള്‍പ്പെടെ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

എന്നാല്‍ ‘എല്ലാ വോട്ട് എണ്ണണമെന്നും എല്ലാ വോട്ടും എണ്ണരുതെന്നും ഒരേസമയം ആവശ്യപ്പെട്ടുകൊണ്ടുള്ള ട്രംപ് അനുകൂലികളുടെ പ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘സ്‌റ്റോപ്പ് ദി കൗണ്ട്’ എന്ന ബാനറും ‘ കൗണ്ട് ദി വോട്ട്‌സ്’ എന്ന ബാനറുമുയര്‍ത്തിയാണ് രാജ്യത്തെ വിവിധ ഇടങ്ങളില്‍ ട്രംപ് അനുകൂലികള്‍ പ്രതിഷേധിക്കുന്നത്.

മിഷിഗണില്‍ വോട്ട് എണ്ണുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബാനര്‍ ഉയര്‍ത്തി ട്രംപ് അനുകൂലികളായ ഒരു വിഭാഗം പ്രതിഷേധിക്കുന്നവര്‍ അരിസോണയില്‍ വോട്ട് എണ്ണണമെന്നാവശ്യപ്പെട്ടാണ് മറ്റൊരു കൂട്ടര്‍ പ്രതിഷേധിക്കുന്നത്.

അരിസോണയില്‍ 88 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പള്‍ 50.5 ശതമാനം വോട്ട് നേടി ബൈഡനാണ് മുന്‍പില്‍. ഇവിടെ 11 ഇലക്ട്രല്‍ വോട്ടുകളാണ് ഉള്ളത്. ഇവിടെ എല്ലാ വോട്ടുകളും എണ്ണണമെന്നാണ് ട്രംപ് അനുകൂലികളുടെ ആവശ്യം.

എന്നാല്‍ മിഷിഗണില്‍ ട്രംപ് മുന്നിലെത്തിയ ഘട്ടത്തിലാണ് വോട്ടെണ്ണല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയത്.
അരിസോണയില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിലവില്‍ വോട്ട് എണ്ണുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ട്രംപിന്റെ സ്‌റ്റോപ്പ് ദി കൗണ്ട് കാമ്പയിന് മറുപടിയുമായിയാട്ടായിരുന്നു കൗണ്ട് എവരി വോട്ട് എന്ന ബാനറില്‍ പ്രതിഷേധവുമായി ബൈഡന്‍ അനുകൂലികള്‍ തെരുവിലിറങ്ങിയത്.

എല്ലാ വോട്ടുകളും എണ്ണണം എന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്ത് പ്രതിഷേധക്കാര്‍ ബുധനാഴ്ച അമേരിക്കന്‍ നഗരങ്ങളിലെ തെരുവുകളിലൂടെ മാര്‍ച്ച് നടത്തിയിരുന്നു.

ഇതിനിടെ മിനിയാപൊളിസില്‍ പ്രതിഷേധക്കാര്‍ ഫ്രീവേ തടഞ്ഞത് അറസ്റ്റില്‍ കലാശിച്ചു. പോര്‍ട്ട്ലാന്റില്‍, വോട്ടെടുപ്പ് തടയാനുള്ള ട്രംപ് അനുകൂലികളുടെ നടപടിയില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടുകയും പൊലീസിനെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്നും മെയിലിലൂടെ അയച്ച നിരവധി ബാലറ്റുകളുടെ നിയമസാധുതയില്‍ സംശയമുണ്ടെന്നും ഉന്നയിച്ചാണ് ട്രംപ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

US Election Trump’s supporters gathered under both ‘count the votes’ and ‘stop the count’ banners

We use cookies to give you the best possible experience. Learn more