| Sunday, 1st November 2020, 11:26 pm

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; ചാഞ്ചാട്ടമുള്ള സംസ്ഥാനങ്ങള്‍ ഇത്തവണ ആര്‍ക്കൊപ്പം? സര്‍വേ ഫലമിങ്ങനെ,

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. 9 കോടി പേര്‍ ഇതിനകം തന്നെ വോട്ട് രേഖപ്പെടുത്തിയിരിക്കെ സര്‍വേകളില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ തന്നെയാണ് ലീഡ് ചെയ്യുന്നത്.

കഴിഞ്ഞ തെരെഞ്ഞെടുപ്പുകളില്‍ വിജയിയെ നിശ്ചയിച്ചതില്‍ നിര്‍ണായകവും പ്രവചനാതീതവുമായ പങ്കു വഹിച്ച ആറ് സംസ്ഥാനങ്ങളില്‍ അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ നടത്തിയ പോളിംഗില്‍ ബൈഡനാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്.

ഫ്‌ളോറിഡ

29 ഇലക്ടറല്‍ കോളേജുകളുള്ള ഫ്‌ളോറിഡയില്‍ ബൈഡന് 48.7 ശതമാനം വിജയസാധ്യതയുണ്ട്. 46.8 ശതമാനം ആണ് ട്രംപിന്റെ വിജയ സാധ്യത. 2016 ല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പമായിരുന്നു ഫ്‌ളോറിഡ. വയോജന വോട്ടുകളും യാഥാസ്ഥിതിക വോട്ടുകളും കൂടുതലുള്ള ഫ്‌ളോറിഡയില്‍  അതോടൊപ്പം വൈവിധ്യമാര്‍ന്ന ജനസംഖ്യയും ഉള്ളത് ശക്തമായ പോരാട്ടം നടക്കുമെന്നാണ് സൂചന.

മിഷിഗണ്‍

ഡെമോക്രാറ്റിന്റെ കോട്ടയായിരുന്ന മിഷിഗണ്‍ സംസ്ഥാനം പക്ഷെ 2016 ല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയെ ആണ് തുണച്ചത്. 0.3 പോയിന്റുകളുടെ നേരിയ വ്യത്യാസത്തിനാണ് ട്രംപ് വിജയിച്ചത്. ഇത്തവണ തങ്ങളുടെ കോട്ട തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷ ഡെമോക്രാറ്റ് പാര്‍ട്ടിക്കുണ്ട് 51.4 ശതമാനമാണ് ബൈഡന് കണക്കാക്കുന്ന വോട്ട്. 43 ശതമാനമാണ് ട്രംപിനുള്ള വോട്ട് സാധ്യത.

ഓഹിയോ

ട്രംപിന് പ്രതീക്ഷയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഓഹിയോ. ബൈഡനേക്കാള്‍ 2.1 ശതമാനം വോട്ടിനു മുന്നിലാണ് ട്രംപ് ഇവിടെ. 2016 ല്‍ ട്രംപിനൊപ്പമായിരുന്ന ഓഹിയോ ശക്തമായ പോരാട്ടമാണ് റിപബ്ലികന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റ് പാര്‍ട്ടിക്കും നല്‍കുന്നത്. 18 ഇലക്ടറല്‍ കോളേജുകളാണ് ഓഹിയോയിലുള്ളത്.

നോര്‍ത്ത് കരോലീന

നോര്‍ത്ത് കരോലിനയില്‍ 2.1 പോയിന്റിന് മുന്നിലാണ് ബൈഡന്‍ സര്‍വേയില്‍. 48.2 ശതമാനം വോട്ടുകളോടെ ബൈഡന്‍ വിജയിക്കുമെന്നാണ് ഗാര്‍ഡിയന്‍ സര്‍വേ. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളില്‍ 2008 ല്‍ മാത്രമാണ് നോര്‍ത്ത് കരോലീന ഡെമോക്രാറ്റ് പാര്‍ട്ടിക്കൊപ്പം നിന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഗ്രാമീണര്‍ കൂടുതലായി വോട്ടു ചെയ്താല്‍ വിജയം റിപബ്ലിക്കന്‍ പാര്‍ട്ടിക്കായിരിക്കും. അതേസമയം നഗരമേഖലകളിലെ വോട്ടുകളും പ്രൊഫഷണല്‍ മേഖലകളില്‍ നിന്നുള്ള കറുത്തവര്‍ഗക്കാരുടെ വോട്ടുകളും ഡെമോക്രാറ്റ് പാര്‍ട്ടിക്കും പ്രതീക്ഷ നല്‍കുന്നു. 15 ഇലക്ടറല്‍ വോട്ടുകളാണ് നോര്‍ത്ത് കരോലിനയില്‍ ഉള്ളത്.

അരിസോണ

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടയായിരുന്ന അരിസോണ കഴിഞ്ഞ നാലു വര്‍ഷത്തെ തെരഞ്ഞെടുപ്പിലും റിപബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പമായിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറയുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ട്രംപിനേക്കാള്‍ 3.4 പോയിന്റിന് മുന്നിലാണ് ബൈഡന്‍.

പെനിസില്‍വാനിയ

20 ഇലക്ടറല്‍ കോളേജുകളുള്ള പെനിസില്‍വാനിയ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. 2016 ല്‍ 0.7 പോയിന്റ് മുന്നേറ്റത്തിലാണ് ട്രംപിനിവിടെ വിജയിക്കാനായത്. ഇതിനു മുന്‍പത്തെ മൂന്ന് തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് പാര്‍ട്ടിക്കൊപ്പമായിരുന്നു പെനിസില്‍വാനിയ.

വിസ്‌കോയിന്‍

വിസ്‌കോയിന്‍ സംസ്ഥാനത്ത് 7.8 പോയിന്റ് മുന്നിലാണ് ബൈഡന്‍. പെനിസല്‍ വാനിയക്കു സമാനമായി ഡെമോക്രാറ്റുകള്‍ക്ക് ആധിപത്യമുണ്ടായിരുന്ന വിസ്‌കോയിന്‍ 2016 ല്‍ ട്രംപിനൊപ്പം നില്‍ക്കുകയായിരുന്നു. 1988 മുതല്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം നിന്ന വിസ്‌കോയിന്‍ 2016 ല്‍ മാത്രമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പമായത്. നഷ്ടപ്പെട്ട കോട്ടയെ തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയാണ് ഡെമോക്രാറ്റ് പാര്‍ട്ടിക്കുള്ളത്. 10 ഇലക്ടറല്‍ വോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

ലോവ

ആറ് ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള ലോവയില്‍ ബൈഡനും ട്രംപിനും തമ്മില്‍ വിജയത്തിലേക്ക് നേരിയ വ്യത്യാസം മാത്രമാണുള്ളത്. ട്രംപിനേക്കാള്‍ ഒരു പോയിന്റ് മുന്നിലാണ് ബൈഡന്‍.

ഇലക്ടറല്‍ കോളേജ് വോട്ടും അമേരിക്കന്‍ തെരഞ്ഞെടുപ്പും

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ വോട്ടുകളേക്കാള്‍ പ്രാധാന്യം ഇലക്ടറല്‍ വോട്ടുകള്‍ക്കാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ജനസംഖ്യാ ഭേദമന്യേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം നല്‍കുവാനാണ് ഭരണഘടന സ്ഥാപിച്ച ഘട്ടത്തില്‍ ഇലക്ടറല്‍ കോളേജ് രൂപീകരിച്ചത്. 2016-ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതും ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ മൂലമായിരുന്നു. 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 വോട്ടുകള്‍ ലഭിച്ചാല്‍ വിജയം നേടാനാവും.

Content Highlight: US election polls tracker: who is leading in swing states, Trump or Biden?

We use cookies to give you the best possible experience. Learn more