വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. 9 കോടി പേര്‍ ഇതിനകം തന്നെ വോട്ട് രേഖപ്പെടുത്തിയിരിക്കെ സര്‍വേകളില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ തന്നെയാണ് ലീഡ് ചെയ്യുന്നത്.
കഴിഞ്ഞ തെരെഞ്ഞെടുപ്പുകളില്‍ വിജയിയെ നിശ്ചയിച്ചതില്‍ നിര്‍ണായകവും പ്രവചനാതീതവുമായ പങ്കു വഹിച്ച ആറ് സംസ്ഥാനങ്ങളില്‍ അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ നടത്തിയ പോളിംഗില്‍ ബൈഡനാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്.
ഫ്‌ളോറിഡ
29 ഇലക്ടറല്‍ കോളേജുകളുള്ള ഫ്‌ളോറിഡയില്‍ ബൈഡന് 48.7 ശതമാനം വിജയസാധ്യതയുണ്ട്. 46.8 ശതമാനം ആണ് ട്രംപിന്റെ വിജയ സാധ്യത. 2016 ല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പമായിരുന്നു ഫ്‌ളോറിഡ. വയോജന വോട്ടുകളും യാഥാസ്ഥിതിക വോട്ടുകളും കൂടുതലുള്ള ഫ്‌ളോറിഡയില്‍ അതോടൊപ്പം വൈവിധ്യമാര്‍ന്ന ജനസംഖ്യയും ഉള്ളത് ശക്തമായ പോരാട്ടം നടക്കുമെന്നാണ് സൂചന.
മിഷിഗണ്‍
ഡെമോക്രാറ്റിന്റെ കോട്ടയായിരുന്ന മിഷിഗണ്‍ സംസ്ഥാനം പക്ഷെ 2016 ല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയെ ആണ് തുണച്ചത്. 0.3 പോയിന്റുകളുടെ നേരിയ വ്യത്യാസത്തിനാണ് ട്രംപ് വിജയിച്ചത്. ഇത്തവണ തങ്ങളുടെ കോട്ട തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷ ഡെമോക്രാറ്റ് പാര്‍ട്ടിക്കുണ്ട് 51.4 ശതമാനമാണ് ബൈഡന് കണക്കാക്കുന്ന വോട്ട്. 43 ശതമാനമാണ് ട്രംപിനുള്ള വോട്ട് സാധ്യത.
ഓഹിയോ
ട്രംപിന് പ്രതീക്ഷയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഓഹിയോ. ബൈഡനേക്കാള്‍ 2.1 ശതമാനം വോട്ടിനു മുന്നിലാണ് ട്രംപ് ഇവിടെ. 2016 ല്‍ ട്രംപിനൊപ്പമായിരുന്ന ഓഹിയോ ശക്തമായ പോരാട്ടമാണ് റിപബ്ലികന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റ് പാര്‍ട്ടിക്കും നല്‍കുന്നത്. 18 ഇലക്ടറല്‍ കോളേജുകളാണ് ഓഹിയോയിലുള്ളത്.
നോര്‍ത്ത് കരോലീന
നോര്‍ത്ത് കരോലിനയില്‍ 2.1 പോയിന്റിന് മുന്നിലാണ് ബൈഡന്‍ സര്‍വേയില്‍. 48.2 ശതമാനം വോട്ടുകളോടെ ബൈഡന്‍ വിജയിക്കുമെന്നാണ് ഗാര്‍ഡിയന്‍ സര്‍വേ. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളില്‍ 2008 ല്‍ മാത്രമാണ് നോര്‍ത്ത് കരോലീന ഡെമോക്രാറ്റ് പാര്‍ട്ടിക്കൊപ്പം നിന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഗ്രാമീണര്‍ കൂടുതലായി വോട്ടു ചെയ്താല്‍ വിജയം റിപബ്ലിക്കന്‍ പാര്‍ട്ടിക്കായിരിക്കും. അതേസമയം നഗരമേഖലകളിലെ വോട്ടുകളും പ്രൊഫഷണല്‍ മേഖലകളില്‍ നിന്നുള്ള കറുത്തവര്‍ഗക്കാരുടെ വോട്ടുകളും ഡെമോക്രാറ്റ് പാര്‍ട്ടിക്കും പ്രതീക്ഷ നല്‍കുന്നു. 15 ഇലക്ടറല്‍ വോട്ടുകളാണ് നോര്‍ത്ത് കരോലിനയില്‍ ഉള്ളത്.