|

ആരു ജയിക്കും; അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം വൈകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലമറിയാന്‍ ഇനിയും വൈകും. നിര്‍ണായക സംസ്ഥാനങ്ങളിലൊന്നായ ഫ്‌ളോറിഡ ട്രംപിന് ലഭിച്ചപ്പോള്‍ ഇനി വോട്ടര്‍മാര്‍ ഉറ്റുനോക്കുന്ന മറ്റൊരു സംസ്ഥാനം പെനിസില്‍വാനിയയാണ്. എന്നാല്‍ ഇവിടെ വോട്ടെണ്ണലിന്റെ അടുത്ത അപ്‌ഡേഷന്‍ പ്രാദേശിക സമയം രാവിലെ ഒമ്പതിനു മാത്രമേ ലഭിക്കുകയുള്ളൂ. ഇന്ത്യന്‍ സമയം ഏകദേശം പത്തരമണിക്കൂര്‍ പിന്നിലാണ് യു.എസ് സമയം. മിഷിഗണിലും പെനിസില്‍വാനിയയിലും ഇനിയും ദിവസങ്ങളെടുത്ത് മാത്രമേ വോട്ടെണ്ണിത്തീരൂ എന്നാണ് നിലവിലെ സൂചന

നിലവിലെ ലീഡ് നിലകള്‍,

20 ഇലക്ടറല്‍ വോട്ടുകളുള്ള പെനിസില്‍വാനിയയില്‍ നിലവില്‍ ട്രംപാണ് ലീഡ് ചെയ്യുന്നത്. (55.7 ശതമാനം). 43.0 ശതമാനമാണ് ബൈഡന്റെ വോട്ട് നില. 74 ശതമാനം വോട്ടുകളാണ് ഇതുവരെ പെനിസില്‍വാനിയയില്‍ എണ്ണിക്കഴിഞ്ഞത്.

78 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിഞ്ഞ മിഷിഗണിലും ട്രംപാണ് ലീഡ് ചെയ്യുന്നത്.(51.6 ശതമാനം).

അതേസമയം വിസ്‌കോസിനില്‍  ബൈഡനാണ് ലീഡ് ചെയ്യുന്നത്. 10 ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള വിസ്‌കോസിനില്‍ 89 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡന്‍ 49.3 വോട്ടുകള്‍ക്ക് മുന്നിലാണ്.

ജോര്‍ജിയയില്‍ ട്രംപ് 50.5 ശതമാനം വോട്ടിന് മുന്നിലാണ്. 2.2 ശതമാനം വോട്ടിന്റെ വ്യത്യാസത്തിനു പിന്നിലാണ് ബൈഡന്‍. ( 48.3 ശതമാനം). അതേസമയം 16 ഇലക്ടറര്‍ കോളേജുകളുള്ള ജോര്‍ജിയയില്‍ 92 ശതമാനം വോട്ടുകള്‍ ഇതിനകം എണ്ണിക്കഴിഞ്ഞിട്ടുണ്ട്.

95 ശതമാനം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ നോര്‍ത്ത് കരോലീനയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ട്രംപ്- 50.1 ശതമാനം, ബൈഡന്‍ 48.7 ശതമാനം 15 ഇലക്ടറല്‍ വോട്ടുകളാണ് നോര്‍ത്ത് കരോലീനയില്‍ ഉള്ളത്.

നെവാഡയില്‍ 49. 4 ശതമാനം വോട്ടുമായി ട്രംപിനേക്കാളും .8 പോയിന്റിന് മുന്നിലാണ് ബൈഡന്‍. കണക്കുകള്‍ പ്രകാരം 85 ശതമാനം വോട്ടുകള്‍ മാത്രമേ എണ്ണിയിട്ടുള്ളൂ. ഈ സംസ്ഥാനങ്ങളിലൊക്കെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട് സമയ ദൈര്‍ഘ്യം ഉണ്ടാവും.

538 ഇലക്ടറല്‍ വോട്ടുകളില്‍ 227 എണ്ണവും ബൈഡന്‍ സ്വന്തമാക്കിക്കഴിഞ്ഞു. 213 വോട്ടുകളാണ് ട്രംപ് നേടിയത്. എന്നാല്‍ ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ കൂടുതലുള്ള പെനിസില്‍വാനിയയിലുള്‍പ്പെടെ ട്രംപ് ലീഡ് ചെയ്യുന്നത് വിജയസാധ്യതകളെ പ്രവചനാതീതമാക്കുന്നു. ഇതിനിടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ