നാലു വര്‍ഷങ്ങള്‍ക്കു ശേഷം വൈറ്റ് ഹൗസിലേക്ക് ഓമനമൃഗങ്ങളെത്തുന്നു
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡന്‍ ജനുവരി 20 നാണ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നത്. പുതിയ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തുന്നതോടെ വര്‍ഷങ്ങളായുള്ള ഒരു അമേരിക്കന്‍ ശീലവും നാലു വര്‍ഷത്തിനു ശേഷം വൈറ്റ്ഹൗസില്‍ തിരിച്ചെത്തുകയാണ്. ജോ ബൈഡനും കുടുംബത്തോടും ഒപ്പം ബൈഡന്റെ ഓമനമൃഗങ്ങളായ രണ്ട് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായകളും വൈറ്റ് ഹൗസിലെത്തും.
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഓമനമൃഗങ്ങളില്ല. ബി.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം 100 വര്‍ഷങ്ങള്‍ക്കിടയില്‍ ഓമനമൃഗങ്ങളില്ലാത്ത ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നു ഡൊണാള്‍ഡ് ട്രംപ്.
ചാംപ്, മേജര്‍ എന്നിവയാണ് ബൈഡന്റെ വളര്‍ത്തു നായകള്‍. വൈറ്റ് ഹൗസിലെ ഓമനമൃഗങ്ങള്‍ എല്ലായ്‌പ്പോഴും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്.
മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പോര്‍ച്ചുഗീസ് വാട്ടര്‍ ഡോഗ് ഇനത്തില്‍ പെട്ട ബോ, സണ്ണി എന്നീ നായകള്‍ വലിയ ജനശ്രദ്ധ നേടിയിരുന്നു.
ഒബാമയ്ക്ക് മുന്‍പത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷിനു ഉണ്ടായിരുന്നു രണ്ട് വളര്‍ത്തു നായകള്‍. ബുഷ് അന്ന് ഇവയെ വെച്ച് വൈറ്റ് ഹൗസില്‍ നിന്നും വീഡിയോ എടുക്കാറുണ്ടായിരുന്നു. ആനന്ദത്തിന്റെ ഉറവിടം എന്നാണ് ബുഷ് ഒരുവേള തന്റെ അരുമ മൃഗങ്ങളെക്കുറിച്ച് പറഞ്ഞത്.
ഇവര്‍ക്കു പുറമെ മറ്റ് അമേരിക്കന്‍ പ്രസിഡന്റ്മാരായിരുന്ന ബില്‍ ക്ലിന്റണ്‍, ഫ്രാങ്ക്‌ലിന്‍ ഡി റൂസ്‌വെല്‍റ്റ് തുടങ്ങിയവരുടെയും അരുമമൃഗങ്ങള്‍ വന്‍ ജനശ്രദ്ധ നേടിയിരുന്നു.