| Wednesday, 31st October 2012, 7:30 am

സാന്‍ഡി ചുഴലിക്കാറ്റ്: അമേരിക്കയില്‍ മരണം 45 ആയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ വീശിയടിച്ച സാന്‍ഡി ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. ന്യൂയോര്‍ക്കിന്റെ തീരപ്രദേശങ്ങളില്‍ 14 അടി ഉയരത്തിലാണ് തിരമാലകള്‍ ആഞ്ഞടിക്കുന്നത്.

ന്യൂയോര്‍ക്ക് നഗരത്തിലെ വൈദ്യുതി പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഹഡ്‌സണ്‍, ഈസ്റ്റ് നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ന്യൂയോര്‍ക്ക് നഗരത്തെ മഹാ ദുരന്തം ബാധിച്ചതായി പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു.[]

മണിക്കൂറില്‍ 129 കി.മി വേഗതയില്‍ വീശുന്ന സാന്‍ഡി ഇപ്പോള്‍ കാനഡയെ ലക്ഷ്യമാക്കി നീങ്ങുകയാണ്. നഗരത്തിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. ദുരന്തത്തെ തുടര്‍ന്ന് 14,000 വിമാനങ്ങളാണ് റദ്ദാക്കിയത്.

അമേരിക്കയിലെ ഏറ്റവും പഴയക്കം ചെന്ന ആണവനിലയമായ ന്യൂ ജേഴ്‌സിയിലെ ഓയിസ്റ്റര്‍ ക്രീക്കില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ആണവ റെഗുലേറ്ററി കമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ന്യൂയോര്‍ക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചും ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനവും അടച്ചിട്ടിരിക്കുകയാണ്. ഇത് രണ്ടാം ദിവസമാണ് സ്‌റ്റോക് എക്‌സ്‌ചേഞ്ച് അടച്ചിട്ടിരിക്കുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വെറും രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ അമേരിക്കയെ ബാധിച്ച മഹാദുരന്തത്തെ ആശങ്കയോടെയാണ് സ്ഥാനാര്‍ത്ഥികള്‍ കാണുന്നത്. ജനങ്ങളോട് നേരത്തേ വോട്ട് ചെയ്യാന്‍ പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.

കൊടുങ്കാറ്റില്‍ 1,000 കോടി ഡോളര്‍ മുതല്‍ 2000 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. 12 സംസ്ഥാനങ്ങളിലായി അഞ്ച് കോടി ജനങ്ങള്‍ സാന്‍ഡി മൂലം ദുരന്തത്തിലാകുമെന്നാണ് മുന്നറിയിപ്പ്.

We use cookies to give you the best possible experience. Learn more