വാഷിങ്ടണ്‍: അന്വേഷണത്തിന്റെ ഭാഗമായി പാകിസ്ഥാനില്‍ നിന്നും കണ്ടുകെട്ടിയ പുരാവസ്തു ശില്‍പങ്ങള്‍ തിരിച്ചുനല്‍കി അമേരിക്ക.
യു.എസിലെ മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണിയാണ് (Manhattan District Attorney) 192 ശില്‍പങ്ങള്‍ പാകിസ്ഥാന് തിരിച്ചുനല്‍കിയത്. ആര്‍ട്ട് ഡീലര്‍ സുഭാഷ് കപൂറിനെതിരായ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ശില്‍പങ്ങള്‍ കണ്ടുകെട്ടിയത്.
3.4 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ശില്‍പങ്ങളാണ് തിരിച്ചുനല്‍കിയത്.
”ലോകത്തെ ഏറ്റവും വലിയ പുരാവസ്തു കടത്തുകാരില്‍ ഒരാളായിരുന്നു സുഭാഷ് കപൂര്‍. എന്നിട്ടും ഞങ്ങളുടെ അന്വേഷകരുടെയും വിദഗ്ധരുടെയും പ്രവര്‍ത്തനത്തിന്റെ ഫലമായി അയാളുടെ സംഘം കൊള്ളയടിച്ച ആയിരക്കണക്കിന് ശില്‍പങ്ങള്‍ വീണ്ടെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.
ഈ പുരാവസ്തു ശില്‍പങ്ങളുടെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യത്തോട് നഗ്നമായ അവഗണന കാണിച്ച സുഭാഷ് കപൂറിനും മറ്റ് ഗൂഢാലോചനക്കാര്‍ക്കുമെതിരായ അന്വേഷണം ഞങ്ങള്‍ തുടരും,” എന്നാണ് മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണി ആല്‍വിന്‍ എല്‍. ബ്രാഗ് (Alvin L Bragg) പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
പാകിസ്ഥാന് തിരിച്ചുനല്‍കിയ 192 പുരാവസ്തു ശില്‍പങ്ങളില്‍ 187 എണ്ണം കപൂറിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്തവയും ബാക്കിയുള്ളവ നടന്നുകൊണ്ടിരിക്കുന്ന മറ്റ് ക്രിമിനല്‍ അന്വേഷണങ്ങളുടെ ഭാഗമായി കണ്ടെടുത്തവയുമാണ്.
ശില്‍പങ്ങള്‍ പാകിസ്ഥാന് തിരിച്ചുനല്‍കിയ ചടങ്ങില്‍ ന്യൂയോര്‍ക്കിലെ പാകിസ്ഥാനി കോണ്‍സല്‍ ജനറല്‍ ആയിഷ അലിയും (Ayesha Ali) പങ്കെടുത്തിരുന്നു.
പാകിസ്ഥാനില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട ഒരു ഗാന്ധാരന്‍ പ്രതിമ (Gandharan statue), പാകിസ്ഥാനി നിയോലിത്തിക്ക് പുരാവസ്തു സൈറ്റില്‍ നിന്ന് (Neolithic archaeological site) മോഷ്ടിച്ച് ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവന്ന 3500-2600 ബി.സിയിലുള്ള മെഹര്‍ഗഡ് പാവകള്‍ (Mehrgarh dolls) എന്നിവ തിരികെ ലഭിച്ച വസ്തുക്കളില്‍ ഉള്‍പ്പെടുന്നുണ്ട്.
സുഭാഷ് കപൂര്‍ ഇന്ത്യയില്‍ നിന്നും ശില്‍പങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഷ്ടിച്ച ഇന്ത്യന്‍ പുരാവസ്തുക്കളുടെ ഇടപാടുകള്‍ ചെയ്തതിനും അവ വില്‍ക്കാന്‍ ഗൂഢാലോചന നടത്തിയതിനും കപൂറും കൂട്ടാളികളും കുറ്റക്കാരാണെന്ന് 2022 നവംബറില്‍ കുംഭകോണത്തെ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. 2012ല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ച അമേരിക്ക, 2020ല്‍ കപൂറിനെ ഇന്ത്യയില്‍ നിന്ന് കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, മാന്‍ഹട്ടന്‍ ഡി.എയുടെ ഓഫീസ് ഈ വര്‍ഷം 89 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന 876 പുരാവസ്തുക്കള്‍ 15 രാജ്യങ്ങള്‍ക്ക് തിരികെ നല്‍കിയിട്ടുണ്ട്. 200 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ഏകദേശം 2,300 പുരാവസ്തുക്കള്‍ യു.എസിലെ ആര്‍ട്ടിഫാക്ട്‌സ് ട്രാഫിക്കിങ് യൂണിറ്റ് (The Artefacts Trafficking Unit) 22 രാജ്യങ്ങള്‍ക്ക് തിരികെ നല്‍കിയിട്ടുണ്ട്.
Content Highlight: US District Attorney returns stolen artefacts to Pakistan