| Tuesday, 26th November 2024, 7:31 pm

ശ്രീലങ്കന്‍ തുറമുഖ പദ്ധതിക്കായി അദാനിക്ക് പണം നല്‍കിയിട്ടില്ലെന്ന് യു.എസ് വികസന ഏജന്‍സി; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കന്‍ തുറമുഖ പദ്ധതിക്കായി അദാനിക്ക് ഇതുവരെ പണം നല്‍കിയില്ലിട്ടില്ലെന്ന് യു.എസ് വികസന ഏജന്‍സി. ശ്രീലങ്കയിലെ തുറമുഖ വികസനത്തിനായി അദാനിയുമായി സാമ്പത്തികമായി വായ്പാ കരാറിനെ കുറിച്ച് ചര്‍ച്ച നടത്തുകയോ കരാറില്‍ ഒപ്പുവെക്കുകയോ ചെയ്തിട്ടില്ലെന്ന് യു.എസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതെങ്കിലും തരത്തിലുള്ള വായ്പാ വിതരണങ്ങള്‍ നടത്തുന്നതിന് മുമ്പ് പ്രൊജക്ടിന്റെ എല്ലാ വശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്നുള്ള കാര്യത്തില്‍ കമ്പനി ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഏജന്‍സി ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് കോളംബോ വെസ്റ്റ് ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ എന്ന ഡീപ് വാട്ടര്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ വികസനത്തിനും നിര്‍മാണത്തിനുമായി യു.എസ് വികസന ഏജന്‍സി 553 മില്യണ്‍ ഡോളര്‍ വായ്പ നല്‍കിയിരുന്നു.

എന്നാല്‍ തുറമുഖത്തിന്റെ വികസനത്തിന് യു.എസ് വികസന ഏജന്‍സിയുടെ ഫണ്ടിനെ ആശ്രയിക്കുന്നില്ലെന്നും ശ്രീലങ്കയിലെ സി.ഡബ്ല്യൂ.ഐ.ടി പദ്ധതി ആസൂത്രണത്തിനടിസ്ഥാനമായി തന്നെ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും മിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നേരത്തെ ശ്രീലങ്കയില്‍ അദാനി പവര്‍ പ്രൊജക്ടിനുള്ള അനുമതി പുനഃപരിശോധിക്കുമെന്ന് ദിസനായകെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കാറ്റാടി വൈദ്യുതി പദ്ധതിക്ക് അദാനി ഗ്രൂപ്പിന് മുന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതി അനുര കുമാര ദിസനായക സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

ശ്രീലങ്കയിലെ മാന്നാര്‍, പൂനേരിന്‍ മേഖലകളില്‍ 484 മെഗാവാട്ട് കാറ്റാടി വൈദ്യുതി വികസിപ്പിക്കുന്നതിനുള്ള 20 വര്‍ഷത്തെ കരാറിനായിരുന്നു അനുമതി ഉണ്ടായിരുന്നത്. 440 മില്യണ്‍ ഡോളറിലധികം നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ സുപ്രീ കോടതിയില്‍ നടന്ന വാദത്തില്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്നുള്ള ഈ പദ്ധതി മൗലികാവകാശങ്ങളെ ബാധിക്കുമെന്ന വാദങ്ങളും നേരിട്ടിരുന്നു. പദ്ധതി പ്രകാരം പാരിസ്ഥിതിക ആശങ്കകള്‍ ഉണ്ടെന്നും പദ്ധതിക്ക് സുതാര്യതയില്ലെന്നും ഹരജിക്കാര്‍ ഉന്നയിച്ചിരുന്നു.

Content Highlight: US Development Agency Says Adani Was Not Paid for Sri Lankan Port Project; Report

We use cookies to give you the best possible experience. Learn more