World News
ഇന്ത്യക്കാരടക്കമുള്ള 300 അനധികൃത കുടിയേറ്റക്കാരെ പനാമയില്‍ തടങ്കലില്‍വെച്ച് അമേരിക്ക: റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 20, 07:36 am
Thursday, 20th February 2025, 1:06 pm

വാഷിങ്ടണ്‍: അനധികൃതമായി രേഖകളില്ലാതെ യു.എസിലേക്ക് കടന്ന ഇന്ത്യക്കാരടക്കമുള്ള 300 പേരെ പനാമയിലെ ഹോട്ടലില്‍ തടങ്കലില്‍ വെച്ചതായി റിപ്പോര്‍ട്ട്. തടങ്കലില്‍ വെച്ച ഇന്ത്യക്കാരടക്കമുള്ള തടവുകാരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പനാമ സിറ്റിയിലെ ഡെക്കാപോളീസ് ഹോട്ടലിന്റെ ജനാലകളില്‍ ദയവായി ഞങ്ങളെ സഹായിക്കൂവെന്ന് കാണിക്കുന്ന ബോര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന യുവതികളുടെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

നാടുകടത്തപ്പെട്ട 300 പേരില്‍ ഭൂരിഭാഗവും ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന, വിയറ്റ്‌നാം, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പ്രസ്തുത രാജ്യങ്ങളിലേക്കെല്ലാം രേഖകളില്ലാതെ വന്ന കുടിയേറ്റേക്കാരെ നാടുകടത്താന്‍ യു.എസ് ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും അതിനാലാണ് പനാമയിലെ ഹോട്ടിലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കുടിയേറ്റക്കാരെ തടവിലാക്കിയിട്ടില്ലെന്നും അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നില്ലെന്നും അവരുടെ സംരക്ഷണത്തിന് വേണ്ടിയാണ് കസ്റ്റഡിയില്‍ പാര്‍പ്പിച്ചതെന്നുമാണ് സുരക്ഷാ മന്ത്രി ഫ്രാങ്ക് അബ്രെഗോ പറഞ്ഞത്.

പനാമയും യു.എസും തമ്മിലുള്ള മൈഗ്രേഷന്‍ കരാറിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ക്ക് വൈദ്യസഹായവും ഭക്ഷണവും ലഭിക്കുന്നുണ്ടെന്നും അബ്രെഗോ പറഞ്ഞു.

കുടിയേറ്റക്കാരില്‍ സ്വന്തം രാജ്യങ്ങളിലേക്ക് പോവാന്‍ താത്പര്യപ്പെടാത്തവരെ പനാമയുടെയും കൊളംബിയയുടെയും ഇടയിലുള്ള ഡാരിയന്‍ ഫോറസ്റ്റിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റുമെന്നും അബ്രെഗോ പറഞ്ഞു.

അതേസമയം ബുധനാഴ്ച പനാമയുടെ നാഷണല്‍ ഇമിഗ്രേഷന്‍ സര്‍വീസ്, ഒരു ചൈനീസ് വനിതാ കുടിയേറ്റക്കാരി ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. പിന്നാലെ വടക്കന്‍ പനാമ-കോസ്റ്റാറിക്ക അതിര്‍ത്തിയിലെ ഒരു കുടിയേറ്റ സംസ്‌കരണ കേന്ദ്രത്തിന് സമീപം യുവതിയെ കണ്ടെത്തുകയും ചെയ്തിരുന്നു.

Content Highlight: US Detains 300 Illegal Immigrants Including Indians in Panama: Report