സന: യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച് അമേരിക്ക. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരം ഏറ്റെടുക്കാന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇറാനുമായി അടുത്ത ബന്ധമുള്ള ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളെന്ന് പ്രഖ്യാപിച്ച റിപ്പബ്ലിക്കന്‍ സര്‍ക്കാരിന്റെ തീരുമാനം നിയുക്ത ഡെമോക്രാറ്റിക്ക് പ്രസിഡന്റ് ജൊ ബൈഡന് വെല്ലുവിളിയാകും.
ബൈഡന്‍ അധികാരത്തിലെത്തിയാല്‍ ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുമെന്ന് കരുതിയിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത നീക്കത്തിലൂടെ യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ചിരിക്കുന്നത്.
അന്‍സാര്‍ അല്ലായെ പൗരന്മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിയാക്കാനാണ് പുതിയ തീരുമാനമെന്ന് പോംപിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഹൂതി ഗ്രൂപ്പുകള്‍ യെമനില്‍ സമാധാനപരമായ പ്രശ്‌ന പരിഹാരത്തിന് തടസം നില്‍ക്കുകയാണെന്നും പോംപിയോ പറഞ്ഞു.
യെമനിലെ ഏദന്‍ എയര്‍പോര്‍ട്ടില്‍ ഡിസംബര്‍ 30ന് നടന്ന ആക്രമണത്തില്‍ സൗദി പിന്തുണയുള്ള സര്‍ക്കാര്‍ ഹൂതികളെയാണ് കുറ്റപ്പെടുത്തിയത്. പുതുതായി അധികാരമേറ്റ മന്ത്രിസഭയിലെ അംഗങ്ങള്‍ എയര്‍പോര്‍ട്ടിലെത്തിയതിന് പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഹൂതികള്‍ക്ക് യെമനില്‍ നിര്‍ണയാക സ്വാധീനമാണുള്ളത്. ഇവര്‍ക്ക് നേരത്തെ തന്നെ യു.എസ് ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.
ഹൂതികളെ തീവ്രവാദികളെന്ന് യു.എസ് പ്രഖ്യാപിച്ചതോടെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസമുണ്ടാകും. ബാങ്ക് ട്രാന്‍സ്ഫര്‍, സാമ്പത്തിക സഹായം, ഇന്ധനം തുങ്ങിയ ഇടപാടുകള്‍ നടത്തുന്നത് ഇതോടെ ഹൂതികള്‍ക്ക് എളുപ്പമാകില്ല.
ട്രംപ് ഭരണകൂടം കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത നിലപാടുകളാണ് ഇറാനോടും ഇറാഖിനോടും സ്വീകരിക്കുന്നത്. വരാനിരിക്കുന്ന ബൈഡന്‍ സര്‍ക്കാരിന് കാര്യങ്ങള്‍ പ്രയാസമേറിയതാകാനും ആണവകരാറില്‍ തിരികെ മടങ്ങുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനുമാണ് ഇതെന്ന് കടുത്ത വിമര്‍ശനവുമുണ്ട്.
വടക്കന്‍ യെമനിലെ യഥാര്‍ത്ഥി അധികാരികളായി കണക്കാക്കുന്നത് ഹൂതി ഗ്രൂപ്പുകളെയാണ്. ഇവര്‍ക്ക് സഹായം നല്‍കുന്നതിന് സഹായ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഹൂതി നിയന്ത്രണത്തിലുള്ള സന എയര്‍പോര്‍ട്ടിലൂടെയും ഇവരെ സഹായിക്കുന്ന തൊഴിലാളികളിലൂടെയുമാണ് ആവശ്യമായ സപ്ലൈകള്‍ ഹൂതികള്‍ക്ക് ലഭിക്കുന്നത്.
ഇപ്പോള്‍ യു.എസ് ഹൂതി വിഷയത്തില്‍ ഇടപെട്ടത് യെമനില്‍ വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ ഇടയാക്കുന്നതാണ്. ഹൂതികളെ തീവ്രവാദികളായി പ്രഖ്യാപിച്ച വീണ്ടുവിചാരമില്ലാത്ത അമേരിക്കയുടെ തീരുമാനം യെമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്ക് തടസമാകുമെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുമായുള്ള അധികാര വികേന്ദ്രീകരണ കരാറില്‍ ഒപ്പിട്ടതിന് ശേഷമാണ് അബ്ദ് റബുഹ് മന്‍സൂര്‍ പ്രസിഡന്റായി യെമനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.
യു.എ.ഇയുടെ പിന്തുണയുള്ള സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും(എസ്.ടി.സി) യെമനിലെ അന്താരാഷ്ട്ര അംഗീകാരം നേടിയ (സൗദി പിന്തുണയുള്ള) സര്‍ക്കാരിനും പുതിയ മന്ത്രിസഭയില്‍ പ്രതിനിധികളുണ്ട്.
2014ല്‍ ഹൂതി വിമതര്‍ യെമന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്ന് 2015ല്‍ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ സൗദിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ യെമനില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയായിരുന്നു.
ഈ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് 2017ല്‍ എസ്.ടി.സി രൂപീകരിക്കുന്നത്. യു.എ.ഇ എസ്.ടി.സിക്ക് പിന്തുണയും നല്‍കിയിരുന്നു. നിലവില്‍ സൗദി പിന്തുണയുള്ള ഹാദി സര്‍ക്കാരിനും എസ്.ടി.സിക്കും യെമന്‍ സര്‍ക്കാരില്‍ പ്രതിനിധികളുണ്ട്.
അതുകൊണ്ട് തന്നെ ഇരു ഗ്രൂപ്പുകളും 2020 ഡിസംബര്‍ 18 ന് രൂപീകരിച്ച പുതിയ സര്‍ക്കാരില്‍ സംതൃപ്തരായിരുന്നു. അതേസമയം മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.