| Tuesday, 3rd April 2018, 6:48 pm

ഹാഫിസ് സയീദിന്റെ പാര്‍ട്ടിയെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ പാര്‍ട്ടിയായ മില്ലി മുസ്‌ലിം ലീഗിനെ(എം.എം.എല്‍) യു.എസ് ഭീകര സംഘടനായി പ്രഖ്യാപിച്ചു. എം.എം.എല്‍ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ലഷ്‌കറിന്റെ നയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാനുള്ള ഉപകരണം മാത്രമാണെന്നുമാണ് യു.എസ് ഭരണകൂടത്തിന്റെ ആരോപണം. ഏഴ് എം.എം.എല്‍ നേതാക്കളെ ഭീകരരായും പ്രഖ്യാപിച്ചിട്ടുണ്ട്.

എം.എം.എല്ലിന്റെ പ്രസിഡന്റ് സൈഫുള്ള ഖാലിദ്, വൈസ് പ്രസിഡന്റ് മുസമ്മില്‍ ഇഖ്ബാല്‍ ഹാഷിമി, ജോ. സെക്രട്ടറി മുഹമ്മദ് ഹാരിസ് ദര്‍, മറ്റ് നേതാക്കളായ താബിഷ് ഖയ്യൂം, ഫയാസ് അഹമ്മദ്, ഫൈസല്‍ നദീം, മുഹമ്മദ് ഇഹ്‌സാന്‍ എന്നിവരെയാണ് ഭീകരരുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.


Read Also: ‘പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി ബൈപ്പാസുകള്‍ക്ക് പകരം എലിവേറ്റഡ് ഹൈവേ മതിയെന്ന് ബി.ജെ.പി പറയുമോ?’; യു.ഡി.എഫ് കക്ഷികളോടും ബി.ജെ.പിയോടും സമരക്കാരോടും 9 ചോദ്യങ്ങളുമായി പി ജയരാജന്‍


എം.എം.എല്ലിനെ രാഷ്ട്രീയപ്പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ അഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം ഇസ്ലാമാബാദ് ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് യു.എസ് നടപടി. ജൂലൈയില്‍ പാക്കിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

ലഷ്‌കര്‍ ഇ തൈ്വബയുടെ ഭാഗമാണെന്നാരോപിച്ച് പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന തഹ്‌രീക്ക് ഇ ആസാദി ഇ കശ്മീരിനെയും (ടി.എ.ജെ.കെ) യു.എസ് ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Read Also: ബി.ജെ.പി സര്‍ക്കാരിനെ ഞെട്ടിച്ച് ഹിമാചലിലും കര്‍ഷകര്‍: കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നിയമസഭ വളഞ്ഞു (ചിത്രങ്ങള്‍ / വീഡിയോ)


“എം.എം.എല്ലും ടി.എ.ജെ.കെയും ലഷ്‌കര്‍ ഇ തൈബയുടെ ഭാഗമാണ്. ലഷ്‌കറിന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ മറികടക്കാന്‍ നിര്‍മ്മിച്ചവ. ഇന്നത്തെ തീരുമാനത്തിലൂടെ ലഷ്‌കറിന്റെ ഈ ശ്രമങ്ങള്‍ക്ക് തടയിടാനാനും ജനങ്ങള്‍ക്ക് അതിന്റെ യഥാര്‍ത്ഥ ഉദ്ദേശം മനസ്സിലാക്കാനും സാധിക്കും.” – യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭീകരവിരുദ്ധ വിഭാഗം തലവന്‍ നതാന്‍ എ സേല്‍സ് പറഞ്ഞു. ലഷ്‌കര്‍ അവരെ എന്ത് തന്നെ വിളിച്ചാലും അതൊരു ഭീകര സംഘമാണെന്നും ഹിംസ ഉപേക്ഷിക്കുന്നത് വരെ അതിന് രാഷ്ട്രീയ ശബ്ദം നല്‍കാന്‍ യു.എസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more