ജെറുസലേം: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ ടെഹ്റാനില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്, ഇസ്രഈലിനെതിരെ ആക്രമണഭീഷണി മുഴക്കിയ ഇറാനെ പ്രതിരോധിക്കാന്‍ ഇസ്രഈലിന് കൂടുതല്‍ സൈനിക സഹായം വാഗ്ദാനം ചെയ്ത് യു.എസ്.
പടിഞ്ഞാറന്‍ ജെറുസലേമും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രഈലിന് കൂടുതല്‍ ക്രൂയിസറുകള്‍, ഡിസ്ട്രോയറുകള്‍, അധിക ഫൈറ്ററുകള്‍ തുടങ്ങിയവ അനുവദിക്കാന്‍ യു.എസ് പ്രതിരോധ വകുപ്പ് ഉത്തരവിട്ടു.
കൂടാതെ നിലവില്‍ പശ്ചിമേഷ്യയില്‍ വിന്യസിച്ചിരിക്കുന്ന യു.എസ്.എസ് തിയോഡര്‍ റൂസവെല്‍റ്റ് വിമാനവാഹിനിക്കപ്പലില്‍ നിന്ന് പുറത്ത് കടക്കാന്‍ സ്ട്രൈക്ക് ഗ്രൂപ്പിനോട് യു.എസ് ആവശ്യപ്പെട്ടിരുന്നു.
ഹനിയയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ യു.എസും പങ്കാളിയാണന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 1200ഓളം വരുന്ന ഇസ്രഈലികളുടെ മരണത്തിനും 250ലേറെ പേരെ ബന്ദികളാക്കുകയും ചെയ്ത ഒക്ടോബര്‍ 7-ലെ ആക്രമണത്തിന് കാരണക്കാരായ ഹമാസ് നേതൃത്വത്തെ ഗസയില്‍ നിന്ന് പുറത്തിറക്കുംവരെ പോരാട്ടം തുടരുമെന്ന് ഇസ്രഈല്‍ ആവര്‍ത്തിച്ചു.
ഇസ്രഈലിനെ പ്രതിരോധിക്കാന്‍ യു.എസിന്റെ സൈനിക നിലപാടില്‍ മാറ്റം വരുത്താന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഉത്തരവിട്ടതായി പെന്റഗണ്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പശ്ചിമ ജറുസലേമിനുള്ള അമേരിക്കയുടെ പിന്തുണ ആവര്‍ത്തിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇറാനും അതിന്റെ ‘തീവ്രവാദ’ ഗ്രൂപ്പുകളായ ഹമാസ്, ഹിസ്ബുള്ള,ഹൂത്തി എന്നിവയുടെ ആക്രമണത്തില്‍ നിന്ന് ഇസ്രഈലിനെ സംരക്ഷിക്കാന്‍ യു.എസ് പ്രതിജ്ഞാബദ്ധരാണന്ന് ബൈഡന്‍ വീണ്ടും ആവര്‍ത്തിച്ചു.
ജൂലൈ 31 ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്റാനിലെത്തിയ ഹനിയ സ്ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഇസ്രഈല്‍ ഏറ്റെടുത്തിട്ടില്ല.
ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള ഖമീനിയും ഹമാസും ഹനിയെയുടെ മരണത്തില്‍ ഇസ്രഈലിനോട് പകരം വീട്ടുമെന്ന് പറഞ്ഞതോടെയാണ് പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷസാധ്യത ഉടലെടുത്തത്.
Content Highlight: US deploys forces to defend Israel