ഇസ്രായേലിന്റെ കുടിയേറ്റ പദ്ധതിയെ വിമര്‍ശിച്ച് ഹിലരി ക്ലിന്‍ണ്‍
World
ഇസ്രായേലിന്റെ കുടിയേറ്റ പദ്ധതിയെ വിമര്‍ശിച്ച് ഹിലരി ക്ലിന്‍ണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st December 2012, 12:21 pm

വെസ്റ്റ് ബാങ്ക്: കിഴക്കന്‍ ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുന്നതിനെതിരെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. ഏതാണ്ട് 3000 ഓളം കുടിയേറ്റ ഭവനങ്ങളാണ് ഇസ്രായേല്‍ നിര്‍മിക്കുന്നത്.[]

ഇസ്രായേലിന്റെ നടപടി സമാധാന ഉടമ്പടികള്‍ തകര്‍ക്കുന്നതാകുമെന്നാണ് ഹിലാരി ക്ലിന്റണ്‍ പറയുന്നത്. വാഷിങ്ടണിലെ  ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹിലരി ക്ലിന്റണ്‍.

പ്രശ്‌നം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും കൂടിയിരുന്നുള്ള ചര്‍ച്ചയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

അതേസമയം, ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നപരിഹാരത്തിനുള്ള ഇസ്രായേലിന്റെ നീക്കമായാണ് വൈറ്റ് ഹൗസ് വാക്താവ് ടോമി വീറ്റര്‍ ഇസ്രായേല്‍ നടപടിയോട് പ്രതികരിച്ചത്.

ഫലസ്തീന് നിരീക്ഷ രാഷ്ട്രപദവി ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേല്‍ നടപടി. ഫലസ്തീന്‍ നഗരങ്ങളെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേല്‍ പുതിയ നീക്കമെന്നാണ് ആഗോളതലത്തില്‍ ഉയരുന്ന ആരോപണം.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അധ്യക്ഷനായുള്ള സെക്യൂരിറ്റി കാബിനറ്റാണ് ഭവന നിര്‍മാണത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

ഫലസ്തീന് നിരീക്ഷ രാഷ്ട്ര പദവി നല്‍കാന്‍ യു.എന്‍ അംഗീകാരം നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു. 138 രാജ്യങ്ങളാണ് ഫലസ്തീന് അനുകൂലമായി യു.എന്നില്‍ വോട്ട് ചെയ്തത്.

ഇസ്രായേലും അമേരിക്കയുമുള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ ഫലസതീന് എതിരായും വോട്ട് ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങളെ തകര്‍ക്കുന്ന നീക്കമാണെന്നായിരുന്നു യു.എന്‍ അംഗീകാരത്തെ കുറിച്ചുള്ള ഇസ്രായേല്‍ നിരീക്ഷണം.

ഫലസ്തീന് ഐക്യരാഷ്ട്ര സഭയില്‍ അംഗീകാരം ലഭിച്ചത് ഇസ്രായേലിന് കനത്ത തിരിച്ചടിയായിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇസ്രായേലിന്റെ പുതിയ നടപടി.

അതേസമയം, നിര്‍ഭാഗ്യകരമായ നടപടിയെന്നായിരുന്നു ഫലസ്തീന്‍ നിരീക്ഷക രാഷ്ട്ര പദവിയോടുള്ള അമേരിക്കയുടെ പ്രതികരണം. അതിനാല്‍ തന്നെ ഇസ്രായേലിന്റെ പുതിയ നടപടിയിലുള്ള വൈറ്റ് ഹൗസ് വക്താവിന്റെ പ്രതികരണത്തെ സ്വാഭാവികമായി തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്.