| Wednesday, 14th August 2024, 9:49 pm

ലോക കന്നഡ സമ്മേളനം; രാം ലല്ലയുടെ ശില്‍പിയെ ക്ഷണിച്ചും വിസ നിഷേധിച്ചും യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച രാം ലല്ലയുടെ ശില്‍പിക്ക് വിസ നിഷേധിച്ച് അമേരിക്ക. 12മത് ലോക കന്നഡ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് ശില്‍പിയായ അരുണ്‍ യോഗിരാജ് വിസക്ക് അപേക്ഷിച്ചത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം വിര്‍ജീനിയയിലെ റിച്ച്മണ്ടിലുള്ള ഗ്രേറ്റര്‍ റിച്ച്മണ്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് നടക്കുന്നത്.

‘ശില്‍പകലയിലെ നിങ്ങളുടെ സംഭാവനകള്‍ ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. നിങ്ങളുടെ കലാപരമായ കാഴ്ചപ്പാട് ഞങ്ങളുടെ സമ്മേളനത്തെ വളരെയധികം സമ്പന്നമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ സര്‍ഗാത്മകത ഞങ്ങളുടെ ഇവന്റിന്റെ ലക്ഷ്യങ്ങളുമായി തികച്ചും യോജിക്കുന്നതാണ്,’ എന്നാണ് അരുണ്‍ യോഗിരാജിന് ലഭിച്ച കത്തില്‍ പറയുന്നത്.

എന്നാല്‍ ഓഗസ്റ്റ് 30ന് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് രാം ലല്ലയുടെ ശില്‍പിക്ക് യു.എസ് വിസ നിഷേധിച്ചത്. അതേസമയം അതേ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷ നല്‍കിയ അരുണിന്റെ പങ്കാളി വിജയേതയ്ക്ക് യു.എസ് വിസ ലഭ്യമാക്കുകയും തുടര്‍ന്ന് അവര്‍ അമേരിക്കയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.

സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുക എന്ന ലക്ഷ്യമായിരുന്നു ഇരുവര്‍ക്കും ഉണ്ടായിരുന്നതെന്ന് അരുണിന്റെ കുടുംബം പ്രതികരിച്ചു. യു.എസ് വിസ നിഷേധിച്ചതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. സമാനമായി അരുണ്‍ യോഗിരാജും പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വടക്കേ അമേരിക്കയിലും പുറത്തുമായി കന്നഡ സംസാരിക്കുന്ന പ്രവാസികളെ ഒരുമിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ദ്വിവാര്‍ഷിക പരിപാടിയാണ് ലോക കന്നഡ സമ്മേളനം. കന്നഡ ഭാഷയും സംസ്‌കാരവും സംരക്ഷിച്ച് ഭാവിതലമുറയ്ക്ക് കൈമാറുകയും സമൂഹത്തിന്റെ നേട്ടങ്ങള്‍ ആഘോഷിക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ലോകത്തുടനീളമുള്ള ആയിരകണക്കിന് കന്നഡ സംസാരിക്കുന്ന പ്രവാസികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

വാഷിങ്ടണ്‍ ഡി.സി, ഡാലസ്, ഹൂസ്റ്റണ്‍ തുടങ്ങിയ അമേരിക്കയിലെ പ്രധാന നഗരങ്ങളിലാണ് ഇതിനുമുമ്പ് സമ്മേളനം നടന്നത്. പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായുള്ള വിസയ്ക്കുള്ള അരുണ്‍ യോഗിയുടെ അപേക്ഷയാണ് യു.എസ് തള്ളിയത്.

അതേസമയം രാം ലല്ല വിഗ്രഹത്തിന് പുറമെ, ഇന്ത്യാ ഗേറ്റിന് സമീപമുള്ള 30 അടിയോളം വരുന്ന സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെയും കേദാര്‍നാഥിലെ ശങ്കരാചാര്യരുടെയും മൈസൂരിലെ 21 അടിയോളമുള്ള ഹനുമാന്‍ പ്രതിമയുടെയും ശില്‍പി കൂടിയാണ് അരുണ്‍ യോഗിരാജ്.

Content Highlight: US denies visa to Ram Lalla’s sculptor installed in Ayodhya’s Ram Temple

We use cookies to give you the best possible experience. Learn more