ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ അമ്പെയ്ത്ത് ടീമിന് യു.എസ് വിസ നിഷേധിച്ചു
Daily News
ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ അമ്പെയ്ത്ത് ടീമിന് യു.എസ് വിസ നിഷേധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th June 2015, 10:06 pm

archery-02ന്യൂദല്‍ഹി: ലോക യുവ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ സംഘത്തിന് യു.എസ് എംബസി വിസ നിഷേധിച്ചു. 31 അംഗ ടീമില്‍ 20 പേര്‍ക്കാണ് യു.എസ് വിസ നിഷേധിച്ചിരിക്കുന്നത്. കൊറിയന്‍ കോച്ച് ചാഇ വൂം ലിം അടക്കമുള്ളവര്‍ക്കാണ് വിസ നിഷേധിച്ചത്.

20 ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ശനിയാഴ്ച യു.എസിലേക്ക് പുറപ്പെടാനാണ് തീരുമാനിച്ചിരുന്നത്. അതിനിടെയാണ് യു.എസ് അകാരണമായി വിസ നിഷേധിച്ചിരിക്കുന്നത്. ജൂണ്‍ എട്ട് മുതല്‍ 14 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഏഴ് അമ്പെയ്ത്തുകാര്‍ക്കും രണ്ട് കോച്ചിനും സ്‌പോട്‌സ് അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥനും മാത്രമാണ് യു.എസ് വിസ അനുവദിച്ചിരിക്കുന്നത്.

ബാക്കി 20 പേരുടെ വിസ എംബസി നിഷേധിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മത്സരിക്കാന്‍ കഴിയുമോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. മൂന്ന് ഇന്ത്യന്‍ കോച്ചുമാര്‍ക്കും വിസ നിഷേധിച്ചിട്ടുണ്ട്.

വിസ ഓഫീസര്‍മാര്‍ മത്സരാര്‍ത്ഥികളുമായി നടത്തിയ അഭിമുഖത്തില്‍ തൃപ്തരല്ലാത്തതിനെത്തുടര്‍ന്നാണ് ഇവരുടെ വിസ നിഷേധിച്ചതെന്നും, മത്സരത്തിന് ശേഷം നാട്ടില്‍ തിരിച്ചുവരില്ലെന്ന് സംശയമുള്ളവരുടെ വിസയാണ് ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നതെന്നും ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യ ട്രഷറര്‍ വിരേന്ദര്‍ സച്ച്‌ദേവ പറഞ്ഞു. ഇത് ഞെട്ടിക്കുന്ന സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.