വാഷിങ്ടണ്‍: ആഭ്യന്തര കലാപത്തെതുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയില്‍ ഔദ്യോഗിക പ്രതികരണവുമായി യു.എസ്. ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ കൈകടത്തിയിട്ടില്ലെന്നും അത്തരം രീതിയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരിന്‍ ജീന്‍ പിയറി പ്രതികരിച്ചു.
ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന് പിന്നില്‍ യു.എസ് ആണെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചതായി കഴിഞ്ഞ ദിവസം ‘ദി ഇക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട്’ ചെയ്തിരുന്നു.
ബംഗ്ലാദേശിലെ തന്ത്രപ്രധാനമായ സെന്റ് മാര്‍ട്ടിന്‍ ദ്വീപ് അമേരിക്കക്ക് വിട്ട് നല്‍കിയിരുന്നെങ്കില്‍ ഭരണത്തില്‍ തുടരാമായിരുന്നെന്നും എന്നാല്‍ അത് ചെയ്യാത്തതിനാലാണ് രാജി വെക്കേണ്ടി വന്നതെന്നും ഷെയ്ഖ് ഹസീന പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
‘ബംഗ്ലാദേശിലെ തലവനെ തിരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്തം അവിടുത്തെ ജനങ്ങളില്‍ നിക്ഷിപ്തമാണ്. അവരുടെ ഭരണകൂടത്തിന്റെ ഭാവി തീരുമാനിക്കേണ്ടതും അവര്‍ തന്നെയാണ്. ഞങ്ങള്‍ അവരുടെ ഈ സ്വാതന്ത്ര്്യത്തെ പൂര്‍ണമായി മാനിക്കുന്നു. അതിനാല്‍ ഈ വിഷയത്തില്‍ യു.എസിന് നേരെ വന്നിരിക്കുന്ന എല്ലാ ആരോപണങ്ങളും പൂര്‍ണമായും തെറ്റാണ്,’പിയറി പറഞ്ഞു.
സെന്റ് മാര്‍ട്ടിന്‍ ദ്വീപുമായി ബന്ധപ്പെട്ട് യു.എസിന് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.
ഈ വിഷയത്തില്‍ സമാന പ്രതികരണവുമായി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീദ് വസെദും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ അമ്മ രാജി വെക്കുന്നതിന് മുമ്പ് തയ്യാറാക്കിയ സന്ദേശം എന്ന പേരില്‍ ഒരു മാധ്യമം കൊടുത്ത വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്നും ഈ കാര്യം താന്‍ അമ്മയോട് ചോദിച്ച് സ്ഥിരീകരിച്ചതാണെന്നും വസെദ് എക്‌സില്‍ കുറിച്ചിരുന്നു.
ബംഗ്ലാദേശില്‍ പവിഴപ്പുറ്റുകളാല്‍ രൂപം കൊണ്ട ഏക ദ്വീപാണ് സെന്റ് മാര്‍ട്ടിന്‍ ദ്വീപ്. ഇത് നാരിക്കേല്‍ സിന്‍സിറ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപില്‍ അമേരിക്കക്ക് താല്‍പ്പര്യമുണ്ടെന്ന് മുന്‍പ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്ക സെന്റ് മാര്‍ട്ടിന്‍ ദ്വീപ് കൈക്കലാക്കാന്‍ ശ്രമിക്കുന്നതായും പ്രതിപക്ഷ പാര്‍ട്ടിയായ ബി.എന്‍.പി അതിന് കൂട്ടുനില്‍ക്കുന്നതായും ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു. എന്നാല്‍ ദ്വീപ് പിടിച്ചെടുക്കാന്‍ യു.എസിന് യാതൊരു താല്‍പ്പര്യവുമില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ വ്യക്തമാക്കിയിരുന്നു.
Content Highlight: US denies role in Sheikh Hasina’s resignation