| Friday, 8th July 2022, 1:57 pm

ഉക്രൈനിലെ റഷ്യയുടെ യുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് മൂലധനമാകുന്നത് സൗദിയുടെ എണ്ണ നയം: യു.എസ് ഡെമോക്രാറ്റ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: സൗദി അറേബ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കയിലെ മുതിര്‍ന്ന ഡെമോക്രാറ്റുകള്‍. ഉക്രൈന്‍- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗ്ലോബല്‍ എനര്‍ജി മാര്‍ക്കറ്റുകള്‍ സുസ്ഥിരപ്പെടുത്താന്‍ സൗദി വിസമ്മതിച്ചതിനെയാണ് ഹൗസ് ഡെമോക്രാറ്റുകള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

റഷ്യക്ക് അനുകൂലമായ നിലപാടാണ് ഇതിലൂടെ സൗദി സ്വീകരിക്കുന്നതെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉക്രൈനില്‍ നടത്തുന്ന യുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് മൂലധനം ലഭിക്കാന്‍ സൗദിയുടെ ഈ നീക്കം സഹായകരമാകുമെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിലേക്ക് ആറ് ഡെമോക്രാറ്റിക് പ്രതിനിധികള്‍ ബുധനാഴ്ച അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.

ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഗ്രിഗറി മീക്‌സ്, ഹൗസ് ഇന്റലിജന്‍സ് ചെയര്‍മാന്‍ ആദം ഷിഫ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചിരിക്കുന്നത്. അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും പുനക്രമീകരിക്കണമെന്നും പ്രസിഡന്റിനോട് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

”ഏറെക്കാലമായി യു.എസിന്റെ പ്രധാനപ്പെട്ട പങ്കാളിയാണ് സൗദി അറേബ്യ. തീവ്രവാദ വിരുദ്ധം, ഊര്‍ജം, പ്രാദേശികം, മറ്റ് വിഷയങ്ങള്‍ എന്നിവയില്‍ സൗദിയുമായുള്ള സഹകരണം ഇനിയും വ്യാപിപ്പിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ 2015 മുതല്‍ അമേരിക്കയുടെ പോളിസികള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമായാണ് സൗദിയുടെ നേതൃത്വം നിരന്തരം പ്രവര്‍ത്തിച്ചുവരുന്നത്. അതില്‍ തന്നെ പ്രധാനപ്പെട്ട ഒരു വിഷയമുണ്ട്.

ആഗോള ഊര്‍ജ മാര്‍ക്കറ്റുകള്‍ സുസ്ഥിരമാക്കാന്‍ വിസമ്മതിച്ച സൗദിയുടെ നടപടി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഉക്രൈനിലെ യുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് മൂലധനം ലഭിക്കാന്‍ സഹായകരമാണ്. ഇത് ദിവസവും അമേരിക്കക്കാര്‍ക്ക് സാമ്പത്തികപരമായി വേദനയുളവാക്കുകയാണ്,” കത്തില്‍ പറയുന്നു.

ആഗോള ഊര്‍ജ വിപണി സുസ്ഥിരമാക്കുന്നതിന് സൗദിയുടെ പ്രതിബദ്ധത ഉറപ്പാക്കാന്‍ യു.എസ് മുന്‍ഗണന നല്‍കണമെന്നും ട്രംപിന്റെ ഭരണകാലത്തെ റഷ്യയുമായുള്ള എണ്ണ ഉല്‍പാദന കരാര്‍ ഉപേക്ഷിക്കണമെന്നും അവര്‍ കത്തില്‍ ബൈഡനോട് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യ ഉക്രൈനില്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ ആഗോള എണ്ണവില ബാരലിന് 100 ഡോളറിന് മുകളില്‍ എന്ന നിലയില്‍ തുടരുകയാണ്. എണ്ണ വിലയിലുണ്ടായ ഈ വര്‍ധനവ് റഷ്യക്ക് വന്‍ ലാഭമുണ്ടാക്കിയെന്നും ഉക്രൈനില്‍ നടത്തുന്ന സൈനിക നടപടികള്‍ക്ക് വേണ്ട സാമ്പത്തിക സഹായം ഈ ലാഭത്തിലൂടെ റഷ്യക്ക് ലഭിച്ചെന്നുമാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അമേരിക്കയടക്കമുള്ള നാറ്റോ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിവിധ സാമ്പത്തിക- എണ്ണ ഉപരോധങ്ങള്‍ അതുകൊണ്ട് തന്നെ റഷ്യയെ ഒരുതരത്തിലും ബാധിച്ചില്ല എന്നും പഠനങ്ങള്‍ പുറത്തുവന്നിരുന്നു.

നേരത്തെ, സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ജോ ബൈഡന് ഫോണില്‍ ബന്ധപ്പെടാന്‍ വേണ്ടി വൈറ്റ്ഹൗസ് നടത്തിയ ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഉക്രൈന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ നല്‍കുന്നതും എണ്ണവില കുതിച്ചുയരുന്നതിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതുമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ഉദ്ദേശത്തോടെയായിരുന്നു വൈറ്റ്ഹൗസ് ടെലിഫോണ്‍ സംഭാഷണത്തിന് ശ്രമിച്ചത്. എന്നാല്‍ ബൈഡനുമായി ഈ വിഷയത്തില്‍ സംസാരിക്കുന്നതിനുള്ള യു.എസിന്റെ അഭ്യര്‍ത്ഥന സൗദിയുടെ നേതാക്കള്‍ നിരസിക്കുകയായിരുന്നെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യയില്‍ നിന്നുള്ള എണ്ണവരവ് നിലച്ച് എണ്ണവില ഉയര്‍ന്നതിനാല്‍ സൗദിയും യു.എ.ഇയും എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ച് അമേരിക്കയുടെ ക്രൂഡ് ഓയില്‍ മാര്‍ക്കറ്റിനെ സഹായിക്കണമെന്നതായിരുന്നു യു.എസിന്റെ ആവശ്യം.

എന്നാല്‍ ഇപ്പോള്‍ നിര്‍മിക്കുന്നതില്‍ കൂടുതല്‍ എണ്ണ പമ്പ് ചെയ്യാന്‍ സൗദിയും വിസമ്മതിക്കുകയായിരുന്നു. ഒപെകും (Opec) റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങളും അനുവദിച്ച നിലവിലെ പ്രൊഡക്ഷന്‍ പ്ലാനില്‍ ഉറച്ചുനില്‍ക്കാനായിരുന്നു സൗദിയുടെ തീരുമാനം.

Content Highlight: US Democrats says Saudi Arabia’s oil policy bankrolls Russian President Vladimir Putin’s war crimes in Ukraine 

We use cookies to give you the best possible experience. Learn more