ന്യൂയോർക്ക്: ഉക്രൈന് യു.എസ് പിന്തുണ നൽകിയത് ജനാധിപത്യം സംരക്ഷിക്കാനോ റഷ്യയോട് യുദ്ധം ചെയ്യുവാനോ അല്ല മറിച്ച് യു.എസിന്റെ സൈനിക വ്യവസായത്തെ ആധുനികവത്കരിക്കാനാണെന്ന് യു.എസ് ഡിഫെൻസ് സെക്രട്ടറി വെളിപ്പെടുത്തിയിരുന്നതായി മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്മദേവ്.
യു.എസ് ഡിഫെൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ യു.എസിലെ റീഗൻ ദേശീയ പ്രതിരോധ ഫോറത്തിൽ നടത്തിയ പ്രസംഗത്തെ പരാമർശിച്ചുകൊണ്ടായിരുന്നു എക്‌സിൽ മെദ്മദേവിന്റെ പോസ്റ്റ്.
‘നമ്മുടെ പ്രതിരോധ വ്യവസായ അടിത്തറക്കായി സൈന്യം പറയുന്നത് പോലെ കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും മികച്ച ആധുനികവത്കരണമാണ് നമ്മൾ നടത്തിയത്,’ ലോയ്ഡ് ഓസ്റ്റിൻ പ്രസംഗത്തിൽ പറഞ്ഞു.
യു.എസിന്റെ യഥാർത്ഥ ലക്ഷ്യം അംഗീകരിക്കുന്നതാണ് ഓസ്റ്റിന്റെ പരാമർശമെന്നും യു.എസിന്റെ സൈനിക രഹസ്യമായ കാര്യമാണ് അദ്ദേഹം അശ്രദ്ധമായി പറഞ്ഞതെന്നും മെദ്മദേവ് പറഞ്ഞു.
ലോക ഭൂപടത്തിൽ നിന്ന് ഉക്രൈൻ മാഞ്ഞുപോകുന്നത് തടയാനോ ജനാധിപത്യത്തിന് വേണ്ടി പൊരുതാനോ യു.എസ് സഹായം ലഭ്യമാക്കുന്നതെന്നും റഷ്യയുടെ പ്രതിരോധം തകർക്കുക എന്നത് പോലുമല്ല അവരുടെ ലക്ഷ്യമെന്നും മെദ്മദേവ് പറഞ്ഞു.
‘സൈനിക ഉത്പാദനം വർധിപ്പിക്കാനും തൊഴിലുകൾ ലഭ്യമാക്കാനുമാണ് യു.എസ് ലക്ഷ്യമിടുന്നത്. മാത്രമല്ല, ബൈഡൻ ഭരണകൂടത്തിന് വേണ്ടപ്പെട്ട കമ്പനികളുടെ ലാഭം വലിയ രീതിയിൽ വർധിപ്പിക്കാനും,’ മെദ്മദേവ് എക്‌സിൽ പറഞ്ഞു.
Content Highlight: US defense secretary revealed ‘military secret’ – ex-Russian president