വാഷിംഗ്ടണ്‍: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് (എം.ബി.എസ്) ഉപരോധം ഏര്‍പ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി അമേരിക്ക.
സൗദിയുമായുള്ള ബന്ധം നല്ല നിലയ്ക്ക് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. വ്യാഴാഴ്ച പത്ര സമ്മേളനത്തിലായിരുന്നു നെഡിന്റെ പ്രതികരണം.
ബൈഡന്‍ ഭരണകൂടം യു.എസ്-സൗദി ബന്ധം വിച്ഛേദിക്കാതെ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും നെഡ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ എം.ബി.എസിന് ഉപരോധം ഏര്‍പ്പെടുത്തുന്നത് പോലുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് സൗദി അറേബ്യയിലെ അമേരിക്കന്‍ സ്വാധീനത്തെ ബാധിക്കുമെന്നും നെഡ് പ്രൈസ് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ശനിയാഴ്ച പുറത്തുവിട്ടതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് അന്താരാഷ്ട്രതലത്തില്‍ നടക്കുന്നത്.
റിപ്പോര്‍ട്ട് ലോകത്തിന് മുന്നില്‍ വെച്ചതിന് പിന്നാലെ കൊലപാതകത്തിന് ഉത്തരവിട്ട മുഹമ്മദ് ബിന്‍ സല്‍മാന് എന്തുകൊണ്ടാണ് ഉപരോധം ഏര്‍പ്പെടുത്താത്തത് എന്ന ചോദ്യങ്ങളും അമേരിക്കയില്‍ നിന്ന് പരക്കെ ഉയര്‍ന്നിരുന്നു.
മുഹമ്മദ് ബിന്‍ സല്‍മാനെതിരെ വാഷിംഗ്ടണ്‍ നടപടിയെടുക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണ്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം. ഈ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച വിഷയത്തില്‍ ഔദ്യോഗിക നിലപാട് അറിയിക്കുമെന്ന് അമേരിക്ക പറഞ്ഞത്.
ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് സൗദിയിലെ 76 പേര്‍ക്ക് യു.എസ് ഉപരോധവും യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധമുള്ളവരെ ഉപരോധിച്ചെങ്കിലും അദ്ദേഹത്തിനെതിരെ മാത്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് യു.എസിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നതായി ആക്ടിവിസ്റ്റ് ആന്‍ഡ്രിയ പ്രാസോവ് പറഞ്ഞിരുന്നു.
ശനിയാഴ്ച പ്രസിഡന്റ് ജോ ബൈഡനാണ് മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗ്ജിയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇസ്താംബുളില്‍ ഓപ്പറേഷന് അനുവാദം നല്‍കിയ സല്‍മാന്‍ ഖഷോഗ്ജിയെ കൊല്ലുകയോ അല്ലെങ്കില്‍ പിടിച്ചുകൊണ്ടുവരികയോ ചെയ്യ
ണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ 2018ല്‍ നടന്ന ഈ കൊലപാതകം സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തനിക്കെതിരെ അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നവരെ അക്രമാസക്തമായ വഴികളിലൂടെ നിശബ്ദരാക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ രീതികളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനോ സൗദിക്കോ എതിരെ അമേരിക്ക വിലക്കുകളോ മറ്റു നടപടികളോ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഖഷോഗ്ജി ആക്ട് എന്ന പുതിയ നിയമം അമേരിക്ക അവതരിപ്പിച്ചു
മാധ്യമപ്രവര്‍ത്തകരെയോ എതിരഭിപ്രായം പുലര്‍ത്തുന്നവരെയോ അവരുടെ കുടുംബാംഗങ്ങളെയോ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഈ ആക്ട്. ഇതിന്റെ ഭാഗമായി 76 സൗദി പൗരന്മാരെ കരിമ്പട്ടികയില്‍ പെടുത്തി.