ഹിന്ദി സംസാരിച്ചതിന് ജീവനക്കാരനെ പിരിച്ചുവിട്ട യു.എസ് കമ്പനിക്കെതിരെ കേസ്
World News
ഹിന്ദി സംസാരിച്ചതിന് ജീവനക്കാരനെ പിരിച്ചുവിട്ട യു.എസ് കമ്പനിക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd August 2023, 11:09 pm

വാഷിംങ്ടണ്‍: ഹിന്ദി സംസാരിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയതായി ആരോപിച്ച് ഇന്ത്യന്‍ അമേരിക്കന്‍ എഞ്ചിനീയറിയര്‍ അനില്‍ വര്‍ഷനി നല്‍കിയ പരാതിയില്‍ യു.എസ് പ്രതിരോധ കമ്പനിക്കെതിരെ കേസ് എടുത്തു. തനിക്കെതിരെ വിവേചനപരമായ നടപടിയാണ് പാര്‍സണ്‍സ് കോര്‍പ്പറേഷന്‍ എടുത്തതെന്ന് അനില്‍ വര്‍ഷനി അലബാമ കോടതിയെ അറിയിച്ചു. താന്‍ ഇന്ത്യയിലുള്ള ബന്ധുവുമായി സംസാരിക്കുകയായിരുന്നെന്നും അത് കേട്ട സഹപ്രവര്‍ത്തകന്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ആരോപണം പാര്‍സണ്‍സ് കമ്പനി നിഷേധിച്ചു. നിരവധി സുരക്ഷാ ലംഘനങ്ങള്‍ നടത്തിയതിനാലാണ് അനില്‍ വര്‍ഷനിയെ പിരിച്ചുവിട്ടതെന്ന് കമ്പനി അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രിത വര്‍ക്ക്‌സൈറ്റില്‍ തന്റെ സ്വകാര്യത ഫോണില്‍ ഫെയ്‌സ്‌ടൈം ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ ലംഘനങ്ങള്‍ ഇയാള്‍ നടത്തിയെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍ കമ്പനിയുടെയും സര്‍ക്കാര്‍ നയങ്ങളുടെയും ലംഘനമാണെന്നും കമ്പനി പറയുന്നു.

78കാരനായ അനില്‍ വര്‍ഷനി 2011 ജൂലൈ മുതല്‍ 2022 ഒക്ടോബര്‍ വരെയാണ് പാര്‍സണ്‍സില്‍ ജോലി ചെയ്തത്. ഓഫീസില്‍ നിന്നും കോള്‍ ചെയ്യുന്നത് നിരോധിച്ച് കൊണ്ടുള്ള ഒരു നയവും ഇല്ലെന്നിരിക്കെ ഒരു അന്വേഷണവും നടത്താതെ തന്നെ സുരക്ഷാ ലംഘനം നടത്തിയെന്നാരോപിച്ച് പുറത്താക്കുകയായിരുന്നെന്ന് അനില്‍ പറഞ്ഞു.

‘ഈ വര്‍ഷം സെപ്റ്റംബറില്‍ ഞാന്‍ ഓഫീസിലിരുന്ന് ഇന്ത്യയിലുള്ള ബന്ധുവിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഏകദേശം രണ്ട് മിനിറ്റാണ് സംസാരിച്ചത്. ഇത് ഒരു സഹപ്രവര്‍ത്തകന്‍ കാണുകയും അധികൃതരെ അറിയിക്കുകയുമായിരുന്നു. കോള്‍ എടുക്കുന്ന സമയത്ത് ക്ലാസിഫൈഡ് മെറ്റീയലോ പാര്‍സണ്‍സിലെ ജോലിയുമായി ബന്ധപ്പെട്ട മറ്റെന്തങ്കിലുമോ എന്റെ സമീപത്ത് ഉണ്ടായിരുന്നില്ല. കോള്‍ നിരോധിച്ച് കൊണ്ടുള്ള ഒരു നയവും നിലനില്‍ക്കുന്നില്ലെന്നിരിക്കെ ഒരു അന്വേഷണം പോലും നടത്താതെ ഞാന്‍ സുരക്ഷാ ലംഘനം നടത്തിയെന്ന് കമ്പനി ആരോപിക്കുകയായിരുന്നു. ഒക്ടോബറിലാണ് പുറത്താക്കിയത്,’ അദ്ദേഹം പറഞ്ഞു.

Content Highlight:  US Defence company sued by man fired for speaking in Hindi