| Tuesday, 21st April 2020, 7:40 am

കൊവിഡില്‍ കൂപ്പുകുത്തി എണ്ണവില; യു.എസ് വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൂജ്യത്തിലും താഴെ, ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കൊവിഡ് 19 വ്യാപനത്തില്‍ കൂപ്പുകുത്തി എണ്ണവില. യു.എസ് വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൂജ്യത്തിലും താഴേക്ക് വീണു.

എണ്ണ സംഭരണം പരിധി വിട്ടതോടെയും അതേസമയം ഉല്‍പാദനത്തില്‍ വലിയ ഇടിവ് സംഭവിക്കാത്തതോടെയുമാണ് വില താഴേക്ക് പോയത്. -37.63 ഡോളറിലേക്കാണ് വില താഴ്ന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് എണ്ണ വില ഇത്രയും താഴുന്നത്. വിപണിയില്‍ വില്‍ക്കപ്പെടുന്ന മെയ് മാസത്തേക്കുള്ള എണ്ണയുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്.

ലോകത്തെ പ്രധാന നഗരങ്ങളെല്ലാം കൊവിഡ് ഭീതിയില്‍ അടച്ചിട്ടതോടെയാണ് ആവശ്യക്കാര്‍ തീരെ കുറഞ്ഞതും വില റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതും.

പ്രതിദിന ഉല്‍പാദനം ഒരുകോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും വില പിടിച്ചു നിര്‍ത്താനായില്ല. യു.എസിലെ പ്രധാന സംഭരണ കേന്ദ്രങ്ങളായ ഒക്ലഹോമയിലും കുഷിങ്ങിലും സംഭരണം പരമാവധിയിലെത്തിയിരിക്കുകയാണ്.

റിഫൈനറികളിലെ പ്രവര്‍ത്തനത്തിനും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

2008ല്‍ റെക്കോര്‍ഡ് തുകയായ 148 ഡോളറിലേക്ക് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നു. കൊവിഡിന്റെ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില 20 ഡോളറിലെത്തുമെന്ന് റേറ്റിങ് ഏജന്‍സിയായ ഗോള്‍മാന്‍ സാച്ചസ് പ്രവചിച്ചിരുന്നു. എന്നാല്‍, പ്രവചിച്ചതിനെക്കാള്‍ കനത്ത ഇടിവാണ് എണ്ണവിലയിലുണ്ടായത്.

അതേസമയം ഇന്ധന വിലത്തകര്‍ച്ച എല്ലാ മേഖലയെയും ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ മാര്‍ക്കറ്റുകളും വിലത്തകര്‍ച്ചയോടെയാണ് അവസാനിപ്പിച്ചത്. ലോകത്താകമാനമുള്ള സംഭരണകേന്ദ്രങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more