വാഷിങ്ടണ്‍: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഇലോണ്‍ മസ്‌കിനെതിരെ അന്വേഷണത്തിനൊരുങ്ങി യു.എസിലെ നീതിന്യായ വിഭാഗം. ചെലവ് ചുരുക്കലിന്റെ ഭാഗമായി നടത്തിയ ഫണ്ട് വെട്ടിക്കുറക്കല്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ വാഷിങ്ടണ്‍ ഡി.സിയിലെ ഫെഡറല്‍ ജഡ്ജ് മസ്‌കിനോടും അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (D.O.G.E)യോടും ഉത്തരവിട്ടിരിക്കുകയാണ്.
ഡോജിലെ മുഴുവന്‍ ജീവനക്കാരുടെയും ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വിശദമായ രേഖകള്‍ കൈമാറാനും ഉത്തരവില്‍ പറയുന്നുണ്ട്. സെനറ്റ് അംഗീകരിച്ച ഉദ്യോഗസ്ഥര്‍ക്ക് മാത്രമുള്ള അധികാരങ്ങള്‍ മസ്‌ക് ലംഘിച്ചുവെന്ന് കാണിച്ച് 14 ഡെമോക്രാറ്റിക് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍ നല്‍കിയ പരാതിലാണ് ഡോജിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ യു.എസ് ജില്ലാ ജഡ്ജി ടാന്യ ചുട്കന്‍ ഉത്തരവിട്ടത്.
മസ്‌കിന്റെ അധികാരത്തിന്റെ പരിധി വ്യക്തമാക്കുന്ന രേഖകള്‍ അദ്ദേഹത്തില്‍ നിന്ന് കൈപ്പറ്റാന്‍ സംസ്ഥാന അറ്റോര്‍ണി ജനറലിനെ ജഡ്ജ് ചുമതലപ്പെടുത്തി. ഡോജിന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.
അതേസമയം വൈറ്റ് ഹൗസ് കോടതി ഫയലിങ്ങുകളില്‍ മസ്‌കിനെ പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാവാണെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
വകുപ്പുകളുടെ തലവന്മാരായി പ്രവര്‍ത്തിക്കുകയും അധികാരം പ്രയോഗിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ‘പ്രിന്‍സിപ്പല്‍ ഓഫീസര്‍മാര്‍’ ആണെന്നാണ് ഭരണഘടനയിലെ വ്യവസ്ഥയില്‍ പറയുന്നത്. എന്നാല്‍ പ്രസിഡന്റ് ആദ്യം നാമനിര്‍ദേശം ചെയ്യുകയും സെനറ്റ് സ്ഥിരീകരിക്കുകയും ചെയ്താല്‍ മാത്രമേ ഇവര്‍ക്ക് ഈ അധികാരം പ്രയോഗിക്കാന്‍ കഴിയുകയുള്ളൂ.
എന്നാല്‍ മസ്‌കിന്റെ പദവി സെനറ്റ് സ്ഥിരീകരിച്ചിട്ടില്ല. എന്നിട്ടും ഡോജിന്റ തലവന്‍ എന്ന നിലയില്‍ ഫെഡറല്‍ ഏജന്‍സികളിലും പ്രോഗ്രാമുകളിലും വലിയ ചെലവുചുരുക്കലുകള്‍ നടത്താന്‍ മസ്‌ക് ഉത്തരവിട്ടു.
സീനിയര്‍ അഡൈ്വസര്‍ പദവിയുള്ളതിനാല്‍ എക്‌സിക്യൂട്ടീവ് പ്രിവിലേജ് ഉണ്ടെന്ന് കാണിച്ച് മസ്‌കിനെ സംരക്ഷിക്കാന്‍ വൈറ്റ് ഹൗസ് ശ്രമിച്ചെങ്കിലും രേഖാമൂലമുള്ള പ്രതികരണങ്ങള്‍ നടത്താനും എക്‌സിക്യൂട്ടീവ് ബ്രാഞ്ചിന് ബാധ്യത വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനുമുള്ള അത്ര വിശാല അധികാരം മസ്‌കിനില്ലെന്ന് ഫെഡറല്‍ ജഡ്ജി കണ്ടെത്തി.
Content Highlight: US Court orders production of all documents regarding cost cutting operations of Elon Musk and Doge