| Tuesday, 29th December 2020, 12:32 pm

വിവാദ ഹാക്കിങ് കേസില്‍ മുഹമ്മദ് ബിന്‍ സല്‍മാനെയും അബുദാബി കിരീടാവകാശിയേയും വിളിപ്പിച്ച് യു.എസ് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: വിവാദമായ ഹാക്കിങ് കേസില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെയും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാനെയും വിളിപ്പിച്ച് ഫ്‌ളോറിഡയിലെ ഫെഡറല്‍ കോടതി.

കേസിലെ പ്രധാന വാദിയായ അല്‍ ജസീറ ന്യൂസ് അവതാരകയായ ഗാഡ ഓയിസ് സമന്‍സിന്റെ പകര്‍പ്പ് പുറത്ത് വിട്ടതിന് പിന്നാലെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവരുന്നത്.

മുഹമ്മദ് ബിന്‍ സല്‍മാന്റെയും നഹ്യാന്റെയും നേതൃത്വത്തില്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തുവെന്നാണ് പരാതിക്കാരിയുടെ പ്രധാന ആരോപണം.

ജനുവരി അഞ്ചിന് മുന്‍പ് ഇരുവരും ഹാജരായില്ലെങ്കില്‍ പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കാതെ വിധി പ്രസ്താവം നടത്തുമെന്നും സമന്‍സില്‍ പറയുന്നുണ്ട്.

ഹാക്കിങ്ങിലൂടെ തന്റെ സ്വാകാര്യ ഫോട്ടോകള്‍ ചോര്‍ത്തിയതായും കൃത്രിമമായ സാമ്പത്തിക രേഖകള്‍ ഉണ്ടാക്കിയെടുത്ത് ഖത്തറില്‍ നിന്ന് താന്‍ പ്രതിഫലം പറ്റുന്നുവെന്ന് പ്രചരിപ്പിച്ചതായും ഓയിസ് പറഞ്ഞു.

അബുദാബിയിലും റിയാദിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്നതാണ് ഇരുരാജ്യങ്ങളിലെയും ഭരണാധികാരികള്‍ തന്നെ ലക്ഷ്യം വെക്കാന്‍ ഇടയാക്കിയതെന്നും ഓയിസ് കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ കൃത്രിമമായ ഫോട്ടോകള്‍ പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ പൗരന്മാരുടെ ഒരു ശൃംഖലയ്ക്ക് തന്നെ നേതൃത്വം നല്‍കിയെന്നും പരാതിയില്‍ അവര്‍ പറയുന്നു.

ഏപ്രില്‍ മാസത്തില്‍ അല്‍ ജസീറ അവതാരക ഓയിസിന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ നിരവധി ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒായിസിന്റെ കൃത്രിമമായ ഫോട്ടോകളും ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജൂലായ് മാസത്തിലാണ് ഹാക്കിങ്ങിനെ കുറിച്ചും തനിക്ക് നേരെ നടന്ന ആക്രമണത്തെകുറിച്ചും ഓയിസ് വാഷിങ്ടണ്‍ പോസ്റ്റിലെഴുതിയത്.

ഇതിന് പിന്നാലെയാണ് അവര്‍ പരാതിയുമായി മുന്നോട്ടു പോയത്. മുഹമ്മദ് ബിന്‍ സല്‍മാനു പുറമെ സൗദി അറേബ്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഓയിസ് പരാതി നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: US court issues summons for MBS and MBZ over hacking of Al Jazeera anchor

We use cookies to give you the best possible experience. Learn more