സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ സമന്‍സ് പുറപ്പെടുവിച്ച് യു.എസ് കോടതി. സൗദിയിലെ മുന്‍ ഇന്റലിജന്‍സ് ഏജന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊളംബിയയിലെ ഡിസ്ട്രിക്ട് കോടതിയാണ് സല്‍മാന്‍ രാജകുമാരനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സൗദിയിലെ മുന്‍ ഇന്റലിജന്‍സ് ഏജന്റായിരുന്ന സാദ് അല്‍ ജാബ്രി ആണ് പരാതി നല്‍കിയിരിക്കുന്നത്. കാനഡയിലുള്ള തന്നെ കൊലപ്പെടുത്താനായി സല്‍മാന്‍ രാജകുമാരന്‍ ഒരു സംഘത്തെ അയച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
അല്‍ ജാബ്രി നിലവില്‍ കാനഡയില്‍ വന്‍ സുരക്ഷാ സന്നാഹത്തിന്റെ കാവലിലാണ് കഴിയുന്നത്. യു.എസ് ഇന്റലിജന്‍സ് വിഭാഗവുമായുള്ള തനിക്കുള്ള അടുപ്പവും സല്‍മാന്‍ രാജകുമാരന്റെ പ്രവര്‍ത്തനങ്ങളെ പറ്റി തനിക്കുള്ള അറിവുമാണ് സല്‍മാന്‍ രാജകുമാരനെ ഭയപ്പെടുത്തുന്നതെന്നാണ് അല്‍ ജാബ്രി പറയുന്നത്.
അതേ സമയം അല്‍ ജാബ്രി അഴിമതിക്കാരനാണെന്നും വിചാരണയ്ക്കായി വിട്ടു കിട്ടണമെന്നുമാണ് സൗദി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. നേരത്തെ ഇദ്ദേഹത്തെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍പോളിനു നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇന്റര്‍പോള്‍ ഇത് രാഷ്ട്രീയ വിഷയമാണെന്നു പറഞ്ഞു തള്ളുകയായിരുന്നു.
സല്‍മാന്‍ രാജകുമാരനൊപ്പം 12 പേര്‍ക്കു കൂടി സമന്‍സ് അയച്ചിട്ടുണ്ട്. പ്രതികരണമുണ്ടാകാത്ത പക്ഷം പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും സമന്‍സില്‍ പറയുന്നുണ്ട്.