വാഷിങ്ടൺ: ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യയ്ക്ക് ജോ ബൈഡന്റെ ഭരണകൂടം നൽകുന്ന അചഞ്ചലമായ പിന്തുണ പുനപരിശോധിക്കണമെന്ന് യു.എസ് ഫെഡറൽ കോടതി.
ഗസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്ക് യു.എസ് പ്രസിഡന്റിനും ഭരണകൂടത്തിനും പങ്കുണ്ടെന്ന് ആരോപിച്ച് ഫയൽ ചെയ്ത കേസിൽ വിധി പറയുകയായിരുന്നു കലിഫോർണിയയിലെ കോടതി.
യു.എസിന്റെ വിദേശ നയത്തിൽ ഇടപെടാനാണ് ഹരജിക്കാർ ആവശ്യപ്പെടുന്നതെന്നും ഇത് തന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നും ചൂണ്ടിക്കാട്ടി യു.എസ് ജില്ലാ കോടതി ജഡ്ജി ജെഫ്രി വൈറ്റ് ബൈഡനെതിരായ കേസ് തള്ളി.
എങ്കിലും ഗസയിലെ ഫലസ്തീനികൾക്കെതിരായ സൈനിക നടപടിയിൽ യു.എസ് നൽകുന്ന അനിയന്ത്രിതമായ പിന്തുണയുടെ ഫലങ്ങൾ പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.
2023 ഒക്ടോബറിൽ ഗസയിൽ ഇസ്രഈൽ ആരംഭിച്ച യുദ്ധം വംശഹത്യക്ക് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.
യു.എസിലെ ഫലസ്തീനി മനുഷ്യാവകാശ സംഘടനകളും ഫലസ്തീനി വ്യക്തികളുമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തത്.
വംശഹത്യ നടക്കുന്നുണ്ടെന്ന് ജഡ്ജ് അംഗീകരിച്ചുവെന്നും യഥാർത്ഥത്തിൽ അദ്ദേഹം ഉദ്ദേശിക്കുന്നത് തന്റെ ഇരുകൈകളും ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്നാണെന്നും ഫലസ്തീനികളുടെ അറ്റോണി അഹ്മദ് അബൂഫോൽ പറഞ്ഞു.
Content Highlight: US court ‘implores’ Biden to reconsider support for genocide in Gaza