| Saturday, 7th May 2022, 1:00 pm

ട്വിറ്റര്‍ അക്കൗണ്ടിനേര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ട്രംപ്: ഹരജി തള്ളി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: തന്റെ ട്വിറ്റര്‍ അക്കൗണ്ടിനേര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമര്‍പ്പിച്ച ഹരജി കാലിഫോര്‍ണിയ ഫെഡറല്‍ ജഡ്ജി തള്ളി.

ഹരജിയിലെ വാദങ്ങള്‍ ദുര്‍ബലമാണെന്നും ട്വിറ്ററിന്റെ സേവനനിബന്ധനകള്‍ പ്രകാരം സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെ നിരോധിക്കാനുള്ള അനുമതിയുണ്ടെന്നും യു.എസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി ജെയിംസ് ഡൊണാറ്റോ പറഞ്ഞു.

2021 ജനുവരിയില്‍ നടന്ന ‘സ്റ്റോപ്പ് ദി സ്റ്റീല്‍’ റാലിയില്‍ ട്രംപ് പ്രസംഗം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയത്. പ്രസംഗത്തിന് ശേഷം ട്രംപ് പങ്കുവെച്ച പോസ്റ്റുകള്‍ പ്രകോപനപരമായിരുന്നുവെന്നും ആക്രമണത്തിലേക്ക് നയിച്ചേക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

സ്വതന്ത്ര സംഭാഷണ അവകാശങ്ങള്‍ ലംഘിച്ച് ഏര്‍പ്പെടുത്തിയ നിരോധനം ശരിയല്ലെന്നും അക്കൗണ്ട് പുനസ്ഥാപിക്കണമെന്നുമായിരുന്നു ട്രംപിന്റെ ആവശ്യം.

വിലക്കിന് പിന്നാലെ സ്വന്തം സമൂഹ മാധ്യമവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ട്വിറ്ററിന്റെ സമാന രൂപകല്‍പനയുമായി ട്രൂത്ത് സോഷ്യല്‍ എന്ന സമൂഹ മാധ്യമമായിരുന്നു ട്രംപ് മുന്നോട്ടുവെച്ചത്.

മുന്‍ യു.എന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സമൂഹമാധ്യമങ്ങളിലേക്കുള്ള തിരിച്ചുവരവായി അന്ന് സമൂഹ മാധ്യമങ്ങള്‍ ഇതിനെ വിലയിരുത്തിയിരുന്നു. ഈ മാസം അവസാനത്തോടെ വെബ് ബ്രൗസറുകളിലും ട്രൂത്ത് സോഷ്യല്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.

ടെസ്ല ഗ്രൂപ്പ് സി.ഇ.ഒ ആയ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങുകയും പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് ട്രംപിനെതിരായ വിധി. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഇടമായി ട്വിറ്റര്‍ ഉപയോഗിക്കപ്പെടുന്നില്ലെന്നും ഇത് നിലവില്‍ വരണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ കമ്പനിക്ക് കീഴില്‍ വരണമെന്നുമായിരുന്നു ട്വിറ്റര്‍ വാങ്ങിയ ശേഷമുള്ള മസ്‌കിന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more