| Tuesday, 5th May 2020, 8:02 am

ലോകത്താകെ കൊവിഡ് മരണം രണ്ടര ലക്ഷം കടന്നു, ജൂണ്‍ മാസത്തോടെ അമേരിക്കയില്‍ ദിവസേന 3000 കൊവിഡ് മരണങ്ങള്‍ നടക്കാന്‍ സാധ്യതയെന്ന് പഠനം, രേഖകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കൊവിഡ്-19 ബാധിച്ച് അമേരിക്കയില്‍ ജൂണ്‍ ഒന്നോടു കൂടി ദിവസേന 3000 മരണം വരെ നടക്കാന്‍ സാധ്യതയെന്ന് പഠനം. ഒപ്പം ദിവസേനയുള്ള രോഗവ്യാപനം 200000 ത്തിലെത്തിനിടയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സി.ഡി.സി) പ്രിവന്‍ഷന്‍ സിറ്റുവേഷന്‍ അപ്‌ഡേറ്റ് എന്ന ഡോക്യുമെന്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മെയ് 14 ഓടെ കൊവിഡ് വ്യാപനത്തിലും മരണത്തിലും കാര്യമായ വര്‍ധനവ് ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോണ്‍സ് ഹോപ്കിന്‍സ് ആരോഗ്യകേന്ദ്രത്തിലെ ഒരു ഗവേഷകന്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് ആണ് ഈ ഡോക്യുമെന്റിന് ആധാരം. വാഷിംഗ്ടണ്‍ പോസ്റ്റിനും ന്യൂയോര്‍ക്ക് ടൈംസിനുമാണ് ഈ രേഖകള്‍ ലഭിച്ചിരിക്കുന്നത്. നിലവില്‍ 1000 ത്തിനും 2000 ത്തിനും ഇടയിലുള്ള മരണങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 25000 മുതല്‍ 30000 വരെയാണ് നിലവിലെ രോഗവ്യാപന നിരക്ക്.

റിപ്പോര്‍ട്ടില്‍ പറയുന്ന ദിനം പ്രതി 3000 മരണം നടക്കുകയാണെങ്കില്‍ ജൂണ്‍ മാസത്തില്‍ 90000 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിക്കുക. അമേരിക്കയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അതേ സമയം ഈ രേഖകള്‍ വൈറ്റ് ഹൗസിലെ കൊവിഡ് ടാസ്‌ക് ഫോര്‍സ് പരിശോധിച്ചിട്ടില്ല.

12 ലക്ഷത്തോളം പേര്‍ക്കാണ് നിലവില്‍ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 69579 പേര്‍ മരിക്കുകയും ചെയ്തു. ലോകത്താകെ 251,059 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 35 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more