ന്യൂയോര്‍ക്ക്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ‘വംശഹത്യ ഭ്രാന്തന്‍’ എന്ന് വിശേഷിപ്പിച്ച് യു.എസ് കോണ്‍ഗ്രസ് അംഗവും എം.പിയും ഫലസ്തീന്‍ വംശജയുമായ റാഷിദ ത്‌ലൈബ്.
നെതന്യാഹുവിനെ പിന്തുണയ്ക്കുന്നവരെയോര്‍ത്ത് തനിക്ക് സഹതാപം തോന്നുന്നെന്നും ഒരു യുദ്ധക്കുറ്റവാളിയെയാണ് പിന്തുണയ്ക്കുന്നതെന്ന് ഇക്കൂട്ടര്‍ മറക്കരുതെന്നും റാഷിദ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
നെതന്യാഹുമായി കൂടിക്കാഴ്ച നടത്തിയ യു.എസ് എം.പിമാര്‍ക്കെതിരെയായിരുന്നു റാഷിദ രംഗത്തെത്തിയത്. ‘വംശഹത്യ ഭ്രാന്തനാണ് നെതന്യാഹു. ഈ കൊലപാതകിയുടെ കൂടെ ഇരിക്കുന്ന ഓരോ കോണ്‍ഗ്രസ് അംഗവും ഒരു യുദ്ധക്കുറ്റവാളിയെ പിന്തുണയ്ക്കുകയാണ്. ഇത് ഞങ്ങള്‍ ഒരിക്കലും മറക്കില്ല.’ റാഷിദ എഴുതി.
കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 21,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ട, ഫലസ്തീനികള്‍ക്കെതിരായി ഇസ്രഈല്‍ നടത്തുന്ന വംശഹത്യയ്ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്ന പ്രസിഡന്റ് ജോ ബൈഡനേയും റാഷിദ വിമര്‍ശിച്ചു.
‘കുഞ്ഞുങ്ങളെ വരെ കൊലപ്പെടുത്തുന്ന, ഒരു നാടിനെ തന്നെ ഉന്മൂലനം ചെയ്യുന്ന, വംശഹത്യ നടത്തുന്ന ഒരു വ്യക്തിക്ക് നമ്മുടെ രാജ്യം സാമ്പത്തിക സഹായവും പിന്തുണയും നല്‍കുന്നതില്‍ എനിക്ക് അങ്ങേയറ്റം ലജ്ജ തോന്നുന്നു. ദയവായി നിങ്ങള്‍ ഫലസ്തീനികള്‍ക്ക് വേണ്ടി സംസാരിക്കുന്നത് തുടരണം,’ റാഷിദ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘ജോ ബൈഡന്‍, നിങ്ങള്‍ ഫലസ്തീന്‍ ജനതയുടെ വംശഹത്യയെ പിന്തുണച്ചു. ഇതൊന്നും അമേരിക്കന്‍ ജനത മറക്കില്ല. ഇപ്പോള്‍ നിങ്ങള്‍ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്നു. അല്ലെങ്കില്‍ 2024 ല്‍ ഞങ്ങളെ നിങ്ങള്‍ പ്രതീക്ഷിക്കരുത്, എന്നും റാഷിദ പറഞ്ഞു.
ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും നദി മുതല്‍ കടല്‍ വരെ, ഫലസ്തീന്‍ സ്വതന്ത്രമാകുമെന്നും റാഷിദ നേരത്തെ സോഷ്യല്‍ മീഡിയയില്‍ എഴുതിയിരുന്നു. എന്നാല്‍ റാഷിദയുടെ ഈ പ്രസ്താവന വലിയ വിവാദത്തിന് തുടക്കമിടുകയും യു.എസിലെ സയണിസ്റ്റ് ലോബി റാഷിദയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തു.
ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട റാഷിദ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റിച്ച് മക്കോര്‍മിക് റാഷിദക്കെതിരായി പ്രമേയം കൊണ്ടുവന്നു. ഈ പ്രമേയം 234-188 വോട്ടിന് സഭ അംഗീകരിക്കുകയും. റാഷിദയെ ശാസനയ്ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു.
യു.എസ് കോണ്‍ഗ്രസിലെ ഒരേയൊരു ഫലസ്തീന്‍-അമേരിക്കന്‍ അംഗമാണ് റാഷിദ ത്‌ലൈബ്. തന്റെ വിമര്‍ശനം എല്ലായ്പ്പോഴും ഇസ്രഈല്‍ സര്‍ക്കാരിനെയും നെതന്യാഹുവിന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ചാണെന്നും ഈ നിലപാട് താന്‍ ഉയര്‍ത്തിപ്പിടിക്കുമെന്നുമായിരുന്നു റാഷിദ പറഞ്ഞത്.
Content Highlight: US Congresswoman Tlaib slams Netanyahu as ‘genocidal maniac’