|

സാന്റാ, വെടിയുണ്ടകള്‍ കൊണ്ടുവരൂ പ്ലീസ്; അമേരിക്കന്‍ ജനപ്രതിനിധിയുടെ തോക്കും പിടിച്ചുള്ള ഫാമിലി ഫോട്ടോ വിവാദമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങുന്നെന്ന പേരില്‍ അമേരിക്കയില്‍ ജനപ്രതിനിധി പങ്കുവെച്ച കുടുംബഫോട്ടോ വിവാദമാകുന്നു.

ഭാര്യയോടും മക്കളോടും മറ്റ് കുടുംബാംഗങ്ങളോടുമൊപ്പം ചിരിച്ചുകൊണ്ട് തോക്ക് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് അമേരിക്കന്‍ കോണ്‍ഗ്രസ്മാനായ തോമസ് മാസി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

”മെറി ക്രിസ്മസ്, സാന്റാ, വെടിയുണ്ടകള്‍ കൊണ്ടുവരൂ പ്ലീസ്,” എന്നായിരുന്നു ശനിയാഴ്ച പോസ്റ്റ് ചെയ്ത ഫോട്ടോയ്‌ക്കൊപ്പം മാസി ട്വിറ്ററില്‍ കുറിച്ചത്.

അമേരിക്കയിലെ മിഷിഗണില്‍ കുറച്ച് ദിവസം മുമ്പ് ഒരു സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലും തോക്കും പിടിച്ചുള്ള ജനപ്രതിനിധിയുടെ ഫോട്ടോയെടുപ്പാണ് നിരുത്തരവാദപരമായ നടപടിയായി വിലയിരുത്തപ്പെടുന്നത്.

യു.എസിലെ കെന്റക്കിയില്‍ നിന്നുള്ള പ്രതിനിധിയാണ് മാസി.

കുറച്ച് ദിവസം മുമ്പായിരുന്നു മിഷിഗണിലെ ഡെട്രോയിറ്റില്‍ ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ നാല് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. എട്ട് പേര്‍ക്ക് പരിക്കുമേറ്റിരുന്നു.

15കാരനായ വിദ്യാര്‍ഥി സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി  സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: US congressman posted family photo with guns

Video Stories