വാഷിങ്ടണ്‍: നാഷണല്‍ റിവ്യൂ മാഗസിന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ വിമര്‍ശനവുമായി യു.എസ് കോണ്‍ഗ്രസ് അംഗം റാഷിദ ത്‌ലൈബ്. തന്റെ മുമ്പില്‍ പേജര്‍ പൊട്ടിത്തെറിക്കുന്നതായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണിനെതിരായാണ് -ഫലസ്തീന്‍ വംശജ കൂടിയായ റാഷിദ വിമര്‍ശനമുന്നയിച്ചത്.
പ്രസിദ്ധീകരണത്തെ നീചമായതും വംശീയവാദമായതും ഇസ്‌ലാമോഫോബിക്കുമായ ചവറ്റുകുട്ടയെന്നാണ് റാഷിദ വിശേഷിപ്പിച്ചത്. ലെബനനിലെ ഹിസ്ബുള്ള നേതാക്കളുടെ പക്കലുണ്ടായിരുന്ന പേജറുകള്‍ രാജ്യത്തുടനീളമായി പൊട്ടിത്തെറിച്ച് സ്‌ഫോടനങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് കാര്‍ട്ടൂണ്‍.
‘ഇത്തരത്തില്‍ ഒരു വൃത്തികേട് തുപ്പിയതിനും മാധ്യമപ്രവര്‍ത്തനത്തിന്റെ സത്യസന്ധയെ ഒറ്റികൊടുത്തത്തിനും സമൂഹങ്ങളെ അപകടത്തിലാക്കിയതിനും നിങ്ങള്‍ ലജ്ജിക്കണം. നിങ്ങള്‍ സത്യത്തേക്കാള്‍ ഉപരി വിദ്വേഷമാണ് പുറന്തള്ളുന്നത്. നിങ്ങളുടെ വായനക്കാരെയും സമൂഹത്തെയും നിങ്ങള്‍ പരാജയപ്പെടുത്തി,’ എന്നും യു.എസ് കോണ്‍ഗ്രസ് അംഗം പ്രതികരിച്ചു.
പേജര്‍ സ്‌ഫോടനങ്ങളെ മാധ്യമങ്ങള്‍ സാധാരണവത്കരിക്കരുതെന്നും അത് എല്ലാവരുടെയും സുരക്ഷയെ ബാധിക്കുമെന്നും റാഷിദ പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് യു.എസ് കോണ്‍ഗസ് അംഗത്തിന്റെ പ്രതികരണം.
നാഷണല്‍ റിവ്യൂവിന്റെ കാര്‍ട്ടൂണില്‍ ഒരു സ്ത്രീയുടെ മുമ്പിലുള്ള ടേബിളില്‍മേല്‍ വെച്ചിരിക്കുന്ന പേജര്‍ പൊട്ടിത്തെറിക്കുന്നതായി കാണാം. ടേബിളിന്റെ ഒരു വശത്ത് റെപ്. ത്‌ലൈബ് എന്നെഴുതിയ ഒരു നെയിം ബോര്‍ഡുമുണ്ട്. ഓ…, തന്റെ പേജര്‍ പൊട്ടിത്തെറിച്ചെന്നും കാര്‍ട്ടൂണിലെ സ്ത്രീ പറയുന്നുണ്ട്. ഇന്നത്തെ കാര്‍ട്ടൂണ്‍ എന്ന തലക്കെട്ടോട് കൂടിയാണ് എന്‍.ആര്‍ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങളാണ് കാര്‍ട്ടൂണിനെതിരെ ഉയര്‍ന്നത്. ഡെമോക്രാറ്റിക് യു.എസ് അംഗങ്ങളായ യു.എസ് ഹൗസ് അംഗംങ്ങളായ കോറി ബുഷ്, അലക്സാന്‍ഡ്രിയ ഒകാസിയോ കോര്‍ട്ടസ്, മിഷിഗണിലെ മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെയാണ് കാര്‍ട്ടൂണിനെതിരെ രംഗത്തെത്തിയത്.
അതേസമയം ഫലസ്തീനിലെ ഇസ്രഈല്‍ സൈനിക നടപടിക്കെതിരെ യു.എസ് കോണ്‍ഗ്രസില്‍ നിരന്തരം ശബ്ദമുയര്‍ത്തുന്ന അംഗമാണ് റാഷിദ. യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധിച്ച ഡെമോക്രാറ്റിക് നേതാവ് കൂടിയാണ് റാഷിദ.
സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ നെതന്യാഹുവിന് നേരെ റാഷിദ ‘യുദ്ധ കുറ്റവാളി’ എന്നെഴുതിയ പോസ്റ്റര്‍ ഉയര്‍ത്തുകയായിരുന്നു. കെഫിയ ധരിച്ചുകൊണ്ടാണ് റാഷിദ ത്‌ലൈബ് സമ്മേളനത്തില്‍ പങ്കെടുത്തത്. മണിക്കൂറുകളോളം യുദ്ധ കുറ്റവാളിയെന്ന് എഴുതിയ പോസ്റ്ററുകള്‍ സമ്മേളനത്തില്‍ റാഷിദ ഉയര്‍ത്തിപിടിച്ചിരുന്നു.
യു.എസിലെ ഏക ഫലസ്തീന്‍-അമേരിക്കന്‍ വനിത പ്രതിനിധിയും കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രണ്ട് മുസ്‌ലിം സ്ത്രീകളില്‍ ഒരാളുമാണ് റാഷിദ ത്‌ലൈബ്.
Content Highlight: US Congress member Against Pager Exploding Cartoon