| Wednesday, 4th January 2023, 9:07 am

100 വര്‍ഷത്തിനിടെ ആദ്യം; ആദ്യ ബാലറ്റില്‍ സ്പീക്കറെ തെരഞ്ഞെടുക്കാനാകാതെ യു.എസ് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ജനപ്രതിനിധി സഭയുടെ (house of representatives) സ്പീക്കറാകുന്നതില്‍ നിന്ന് കെവിന്‍ മക്കാര്‍ത്തിയെ (Kevin McCarthy) വലതുപക്ഷ റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍ തന്നെ തടഞ്ഞതിനാല്‍ പുതിയ യു.എസ് കോണ്‍ഗ്രസില്‍ അനിശ്ചിതാവസ്ഥ.

കാലിഫോര്‍ണിയയില്‍ നിന്നുള്ള ജനപ്രതിനിധിയായ മക്കാര്‍ത്തിക്ക് വാഷിങ്ടണിലെ ഏറ്റവുമുയര്‍ന്ന നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ കേവല ഭൂരിപക്ഷം ആവശ്യമായിരുന്നു. എന്നാല്‍ അത് ലഭിച്ചില്ല.

ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് റിപ്പബ്ലിക്കന്‍സ് ആദ്യ മൂന്ന് റൗണ്ട് വോട്ടിങ്ങില്‍ സ്പീക്കറെ തെരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെടുന്നത്. സ്പീക്കറാകുന്നതില്‍ നിന്നും തീവ്ര വലതുപക്ഷ വിമതര്‍ ഇത്തവണ 57കാരനായ മക്കാര്‍ത്തിയെ വീണ്ടും വീഴ്ത്തുകയായിരുന്നു.

”ജനപ്രതിനിധിയായ കെവിന്‍ മക്കാര്‍ത്തിക്ക് വോട്ടുകള്‍ ലഭിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം,” ഫ്‌ളോറിഡയില്‍ നിന്നുള്ള ബൈറണ്‍ ഡൊണാള്‍ഡ്‌സ് പ്രതികരിച്ചു. പാര്‍ട്ടി വിമതരെ ഒപ്പം നിര്‍ത്തുന്നതില്‍ മക്കാര്‍ത്തി പരാജയപ്പെട്ടു എന്നാണ് വിലയിരുത്തലുകള്‍.

യു.എസ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളിലുടനീളം വോട്ടെടുപ്പിന്റെ കവറേജ് ഉണ്ടായിരുന്നു.

കോണ്‍ഗ്രസിന് ഒരു പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാന്‍ അവസാനമായി ഒരു റൗണ്ടില്‍ കൂടുതല്‍ വോട്ടിങ് വേണ്ടിവന്നത് 100 വര്‍ഷം മുമ്പ്, 1923ലാണ്. 1855ലെ ഒരു സ്പീക്കര്‍ തെരഞ്ഞെടുക്കല്‍ പ്രക്രിയയ്ക്ക് രണ്ട് മാസത്തിനിടെ 133 റൗണ്ട് വോട്ടിങ് വേണ്ടിവന്ന ചരിത്രവുമുണ്ട്.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് സഭയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അടുത്ത യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന നേതാവ് കൂടിയാണ് കെവിന്‍ മക്കാര്‍ത്തി.

Content highlight: US Congress Fails To Elect Speaker In First Ballot, First Time In 100 Years

We use cookies to give you the best possible experience. Learn more