| Friday, 17th June 2022, 8:28 am

ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണങ്ങളില്‍ പാര്‍ട്ടി തന്നെ പ്രകടമായി അവരെ ശിക്ഷിക്കുന്നതില്‍ സന്തോഷമുണ്ട്: യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളെ അപലപിച്ച് യു.എസ്. കേന്ദ്ര ഭരണ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നടത്തിയ പരാമര്‍ങ്ങളെ അപലപിക്കുന്നുവെന്നും പരാമര്‍ശങ്ങള്‍ നടത്തിയവരെ പാര്‍ട്ടി തന്നെ പരസ്യമായി വിചാരണ ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും യു.എസ് വക്താവ് പറഞ്ഞു.

‘രണ്ട് ബി.ജെ.പി നേതാക്കള്‍ പ്രവാചകനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ബി.ജെ.പി തന്നെ ഇവരെ പരസ്യമായി കുറ്റക്കാരെന്ന് വിലയിരുത്തുന്നതില്‍ സന്തോഷമുണ്ട്,’ യു.എസ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

മത സ്വാതന്ത്രം, വിശ്വാസം, ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ വിഷയങ്ങളില്‍ യു.എസ് നിരന്തരമായി ഇന്ത്യന്‍ ഗവണ്‍മെന്റുമായി ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇസ്‌ലാമില്‍ പരിഹസിക്കാന്‍ പാകത്തിന് നിരവധി വിഷയങ്ങളുണ്ടെന്നും നുപുര്‍ ശര്‍മ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തില്‍ രാജ്യമാകെ പ്രതിഷേധം ശക്തമാക്കിയിരുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളും പ്രതിഷേധം അറിയിച്ചതോടെ ഇവരെ ബി.ജെ.പി പുറത്താക്കിയിരുന്നു. പാര്‍ട്ടി വക്താവിനെതിരെ ബി.ജെ.പി നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നടപടിയെ അപലപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധമുയര്‍ത്തിയിരുന്നു.

ചാനല്‍ ചര്‍ച്ചയിലെ പ്രവാചക നിന്ദാ പരാമര്‍ശം മുസ്‌ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന
അഡ്വ. സയ്യിദ് അസീം നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം നുപുര്‍ ശര്‍മയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

മുംബൈ, താനെ നഗരങ്ങളുള്‍പ്പെടെ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ സമാന വിഷയത്തില്‍ നുപുറിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.

പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്. റാഞ്ചിയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചിരുന്നു.

റാഞ്ചി മെയിന്‍ റോഡില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് മുസ്‌ലിങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 12 പൊലീസുകാര്‍ക്കും ആക്രമത്തില്‍ പരിക്കേറ്റിരുന്നു.

അതേസമയം വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധത്തിനിറങ്ങിയവരുടെ വീടുകള്‍ യു.പി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.

കാന്‍പൂരിലും പ്രയാഗ്‌രാജിലുമാണ് ആക്രമണങ്ങള്‍ നടന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ പ്രാദേശിക രാഷ്ട്രീയ നേതാവായ ജാവേദ് അഹമദിന്റെ വീടും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. പ്രതിഷേധത്തില്‍ ആസൂത്രകന്‍ ജാവേദാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

ബുള്‍ഡോസര്‍ ആക്രമം തടയണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി ആവശ്യം അംഗീകരിച്ചില്ല. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്നും എന്നാല്‍ അത് നിയമാനുസൃതമായാണെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു ജസ്റ്റിസ് ബൊപ്പണ്ണ, ജസ്റ്റിസ് വിക്രംനാഥ് എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കിയത്.

ജംഇയ്യത്തുല്‍ ഇലമായെ ഹിന്ദ് ആരോപിച്ച പ്രശ്‌നങ്ങള്‍ക്കുള്ള മറുപടി മൂന്ന് ദിവസത്തിനകം അറിയിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Content Highlight: US condemns controversial remarks of BJP and says glad to see party condemning them publicly

We use cookies to give you the best possible experience. Learn more