| Wednesday, 31st March 2021, 2:26 pm

പ്രശാന്ത് ഭൂഷണിനും, സിദ്ധാര്‍ത്ഥ് വരദരാജിനും എതിരായ കേസിനെ വിമര്‍ശിച്ച് അമേരിക്ക; അന്താരാഷ്ട്രതലത്തില്‍ തിരിച്ചടി നേരിട്ട് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റിന്റെ പേരില്‍ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ കേസെടുത്ത നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി യു.എസ് റിപ്പോര്‍ട്ട്.

മനുഷ്യാവകാശ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പ്രശാന്ത് ഭൂഷണിനെതിരായി ഒരു ട്വീറ്റിന്റെ പേരില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിച്ചതിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജിനെതിരെ കേസെടുത്ത നടപടിയെക്കുറിച്ചും യു.എസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വലിയ ഭീഷണിയാണ് നേരിടുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളെ ക്രിമിനല്‍ നിയമങ്ങള്‍ ഉപയോഗിച്ച് നേരിടുന്ന കേന്ദ്ര നടപടിയേയും, സെന്‍സര്‍ഷിപ്പിനെയും, വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്ന നടപടിയേയും യു.എസ് കുറ്റപ്പെടുത്തി.

നിയമ ബാഹ്യക്കൊലകള്‍, ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടങ്ങി ഇന്ത്യയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടെന്ന് യു.എസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കല്‍, മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം, അഴിമതി, തുടങ്ങിയ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് ചൊവ്വാഴ്ച യു.എസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം കശ്മീരില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറഞ്ഞുവെന്നും യു.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
” കശ്മീരിനെ സാധാരണ സ്ഥിതിയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കമ്മ്യൂണിക്കേഷന്‍ നിയന്ത്രണങ്ങള്‍ നീക്കിയത് ഉള്‍പ്പെടെ ഇതിന്റെ ഭാഗമായാണ്,” യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ചും, തടവറയിലെ പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചും, നിയമ ബാഹ്യക്കൊലകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: US condemns case against Prashant Bhushan

Latest Stories

We use cookies to give you the best possible experience. Learn more