World News
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല; ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയെന്ന് യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 05, 07:45 am
Wednesday, 5th June 2024, 1:15 pm

വാഷിങ്ടണ്‍: ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിനന്ദിച്ച് യു.എസ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയ എന്നാണ് യു.എസ് ഗവണ്മെന്റ് വിശേഷിപ്പിച്ചത്. ബൃഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ സര്‍ക്കാരിനെയും ഇന്ത്യന്‍ ജനതയെയും അഭിനന്ദിക്കുന്നുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.

‘യുണൈറ്റഡ് സ്റ്റേറ്റ്‌സിന് വേണ്ടി, ഇത്തരമൊരു ബൃഹത്തായ തെരഞ്ഞെടുപ്പ് സംരംഭം വിജയകരമായി പൂര്‍ത്തിയാക്കിയതിനും അതില്‍ പങ്കെടുത്തതിനും ഇന്ത്യന്‍ സര്‍ക്കാരിനെയും അവിടത്തെ വോട്ടര്‍മാരെയും അഭിനന്ദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അന്തിമ ഫലങ്ങള്‍ ഇനി എന്താവുമെന്നും കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള തെരഞ്ഞെടുപ്പ് വിജയികളെയും പരാജിതരെയും കുറിച്ച് അഭിപ്രായം പറയരുതെന്ന യു.എസ് നിലപാട് ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

‘തെരഞ്ഞെടുപ്പുകളില്‍ വിജയികളെയും പരാജിതരെയും കുറിച്ച് ഞാന്‍ അഭിപ്രായം പറയാന്‍ പോകുന്നില്ല. കഴിഞ്ഞ ആറാഴ്ചയായി നമ്മള്‍ കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ്. നല്ല രീതിയില്‍ തന്നെ ആളുകള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി,’ മാത്യു മില്ലര്‍ പറഞ്ഞു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് ലോക്സഭയില്‍ ഭൂരിപക്ഷം ലഭിച്ചതോടെ തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തെരഞ്ഞെടുപ്പില്‍, 543 അംഗ ലോക്സഭയില്‍ ബി.ജെ.പി 240 സീറ്റുകളില്‍ വിജയിച്ചു. ഒറ്റക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കിലും സഖ്യ കക്ഷികളുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി.

Content Highlight: US commends India’s elections, refrains from commenting on results